Skip to content

കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ എതിരാളികൾക്ക് സാധിക്കാതിരുന്നത് രോഹിത് ശർമ്മയുടെ കീഴിൽ സംഭവിച്ചു, വിമർശനവുമായി ആരാധകർ

ഏഷ്യ കപ്പിലെ അപ്രതീക്ഷിത പുറത്താകലിന് പുറകെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ടീം ഇന്ത്യ. മൊഹാലിയിൽ നടന്ന മത്സരത്തിൽ 4 വിക്കറ്റിനാണ് ഇന്ത്യ പരാജയപെട്ടത്. മത്സരത്തിലെ തോൽവിയ്‌ക്ക് പുറകെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ ചില കണക്കുകൾ ആരാധകർക്കിടയിൽ ചർച്ചാ വിഷമമായിരിക്കുകയാണ്.

മത്സരത്തിൽ 209 പന്തിൻ്റെ വിജയലക്ഷ്യം പിന്തുടർന്നാണ് ഓസ്ട്രേലിയ വിജയിച്ചത്. ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ഒരു ടീമിൻ്റെ ഏറ്റവും ഉയർന്ന വിജയകരമായ രണ്ടാമത്തെ റൺ ചേസാണിത്. ഇതിനുമുൻപ് ഒരേയൊരു തവണ മാത്രമാണ് 200+ റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയ ശേഷം ഇന്ത്യ പരാജയപെട്ടിട്ടുള്ളത്. ഈ വർഷം തന്നെ സൗത്താഫ്രിക്കയ്ക്കെതിരെ പന്തിൻ്റെ ക്യാപ്റ്റൻസിയിൽ 212 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയ ശേഷം ഇന്ത്യ മത്സരത്തിൽ പരാജയപെട്ടിരുന്നു.

എന്നാൽ വിരാട് കോഹ്ലിയുടെ കീഴിൽ ഒരിക്കൽ പോലും ഇന്ത്യ 200+ റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയ ശേഷം പരാജയപെട്ടിട്ടില്ലെന്ന കണക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം. വിരാട് കോഹ്ലി ക്യാപ്റ്റനായിരിക്കെ ടി20 ക്രിക്കറ്റിൽ 12 തവണ ഇന്ത്യ 200+ റൺസ് സ്കോർ ചെയ്യുകയും 12 തവണ വിജയം നേടുകയും ചെയ്തിരുന്നു.

ഏഷ്യ കപ്പിലും വിജയലക്ഷ്യം പ്രതിരോധിക്കുന്നതിൽ രോഹിത് ശർമ്മയ്ക്ക് കീഴിൽ ഇന്ത്യ പരാജയപെട്ടിരുന്നു. ടോസിനെ കുറ്റം പറയാമെങ്കിലും റാങ്കിങിൽ ഏറെ പുറകിലുള്ള ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ വിജയലക്ഷ്യം പ്രതിരോധിച്ച് കൊണ്ട് വിജയം നേടിയിരുന്നു. ഭുവനേശ്വർ കുമാറും ചഹാലും അടക്കമുള്ള ബൗളിങ് നിരയുടെ ഫോമും സ്റ്റാർ പേസർ ബുംറയുടെ അഭാവവും തന്നെയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. താരങ്ങളുടെ മോശം ഫോമിലും ചഹാറും ബിഷ്നോയും അടക്കമുള്ള യുവതാരങ്ങൾക്ക് ഇന്ത്യ അവസരം നൽകാത്തതും ആരാധകരെ നിരാശരാക്കുന്നു.