Skip to content

ഷാമി പുറത്ത്, പകരക്കാരനായി മറ്റൊരു സീനിയർ പേസറെ ടീമിലെത്തിച്ച് ബിസിസിഐ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മൊഹമ്മദ് ഷാമിയ്‌ക്ക് പകരക്കാരനായി മറ്റൊരു സീനിയർ പേസറെ ടീമിലെത്തിച്ച് ബിസിസിഐ. പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കോവിഡ് ബാധിതനായതിനെ തുടർന്ന് ഷാമി ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ നിന്നും പുറത്തായത്.

റിപ്പോർട്ടുകൾ അനുസരിച്ച് മൊഹമ്മദ് ഷാമിയ്‌ക്ക് പകരക്കാരനായി മറ്റൊരു സീനിയർ പേസറായ ഉമേഷ് യാദവിനെ ഇന്ത്യ ടീമിൽ ഉൾപെടുത്തി. ഏഷ്യ കപ്പിലെ അനുഭവം കണക്കിലെടുത്തുകൊണ്ടാണ് യുവ പേസർമാരെ പരിഗണിക്കാതെ സീനിയർ താരങ്ങളെ തന്നെ ബിസിസിഐ ടീമിലെത്തിക്കാൻ തീരുമാനിച്ചത്. കൗണ്ടി ക്രിക്കറ്റിൽ നിന്നും പരിക്ക് മൂലം തിരിച്ച് ഇന്ത്യയിലെത്തിയ ഉമേഷ് യാദവ് പരിക്കിൽ നിന്നും മുക്തനായികഴിഞ്ഞു. ഇതിനുമുൻപ് 2019 ൽ ഓസ്ട്രേലിയക്കെതിരെയാണ് ഉമേഷ് യാദവ് അവസാനമായി ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞത്.

കഴിഞ്ഞ ഐ പി എല്ലിൽ തകർപ്പൻ പ്രകടനമാണ് ഉമേഷ് യാദവ് കാഴ്ച്ചവെച്ചത്. ന്യൂ ബോളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചു. കഴിഞ്ഞ സീസണിൽ 12 മത്സരങ്ങളിൽ നിന്നും 16 വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നു. ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ, ദീപക് ചഹാർ എന്നിവരാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ മറ്റു പേസർമാർ.