Skip to content

ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, സ്റ്റാർ പേസർ പുറത്ത്

ഓസ്ട്രേലിയക്കെതിരെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ടീമിലെ സ്റ്റാർ പേസർ മൊഹമ്മദ് ഷാമി പരമ്പരയിൽ നിന്നും പുറത്തായി. പ്രമുഖ ക്രിക്കറ്റ് മാധ്യമമായ cricbuzz ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ മാസം 20 ന് മൊഹാലിയിലാണ് ഓസ്ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കുന്നത്. 23 ന് നാഗ്പൂരിലും 25 ന് ഹൈദരാബാദിലുമാണ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾ നടക്കുന്നത്. സെപ്റ്റംബർ 28 ന് തിരുവനന്തപുരത്താണ് സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പര ആരംഭിക്കുന്നത്. അതിന് മുൻപ് കോവിഡിൽ നിന്നും മുക്തനായാൽ മാത്രമേ ഷാമിയ്‌ക്ക് ടീമിൽ തിരിച്ചെത്തുവാൻ സാധിക്കൂ.

ലോകകപ്പിനുള്ള പ്രധാന ടീമിൽ ഇല്ലെങ്കിലും റിസർവ് താരങ്ങളുടെ പട്ടികയിൽ ബിസിസിഐ ഷാമിയെ ഉൾപെടുത്തിയിരുന്നു. കൂടാതെ ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയും നടക്കുന്ന പരമ്പരകളിൽ ഷാമിയ്‌ക്ക് അവസരം നൽകിയിരുന്നു. ഇതിനുമുൻപ് കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിലാണ് ഷാമി ഇന്ത്യയ്ക്ക് വേണ്ടി അവസാന ടി20 കളിച്ചത്. ഏഷ്യ കപ്പിലെ ഇന്ത്യൻ പേസർമാരുടെ മോശം പ്രകടനത്തോടെയാണ് ഷാമിയെ വീണ്ടും ഇന്ത്യ ടി20 ടീമിൽ തിരിച്ചെത്തിച്ചത്. ഈ വർഷം നടന്ന ഐ പി എല്ലിൽ മികച്ച പ്രകടനമാണ് ഷാമി പുറത്തെടുത്തത്.