Skip to content

ഇനി വേണ്ടത് 207 റൺസ്, വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തോടെ വീണ്ടും ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. ഏഷ്യ കപ്പിൽ സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 276 റൺസ് കോഹ്ലി അടിച്ചുകൂട്ടിയിരുന്നു. ഇനി ഐസിസി ടി20 ലോകകപ്പിന് മുൻപായി ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയുമുള്ള പരമ്പരകളാണ് കോഹ്ലിയ്‌ക്ക് മുൻപിലുള്ളത്. ഈ പരമ്പരകളിൽ ചരിത്രനേട്ടമാണ് കിങ് കോഹ്ലിയെ കാത്തിരിക്കുന്നത്.

ഏഷ്യ കപ്പിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടിയ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 24000 റൺസ് പൂർത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 522 ഇന്നിങ്സിൽ നിന്നും 24002 റൺസാണ് വിരാട് കോഹ്ലി നേടിയിട്ടുള്ളത്.

ഈ വരുന്ന പരമ്പരകളിൽ 207 റൺസ് കൂടെ നേടാനായാൽ ലോകകപ്പിന് മുൻപേ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡിനെ പിന്നിലാക്കാൻ കോഹ്ലിയ്‌ക്ക് സാധിക്കും. 605 ഇന്നിങ്സിൽ നിന്നും 24208 റൺസാണ് നിലവിലെ ഇന്ത്യൻ ഹെഡ് കോച്ച് കൂടിയായ രാഹുൽ ദ്രാവിഡ് നേടിയിട്ടുള്ളത്.

ദ്രാവിഡിനെ പിന്നിലാക്കുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ ബാറ്റ്സ്മാനും സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനുമാകുവാൻ കോഹ്ലിയ്ക്ക് സാധിക്കും.

34357 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ, 28016 റൺസ് നേടിയ കുമാർ സംഗക്കാര, 27483 റൺസ് നേടിയ റിക്കി പോണ്ടിങ്, 25957 റൺസ് നേടിയ മഹേള ജയവർധനെ, 25534 റൺസ് നേടിയ ജാക്വസ് കാലിസ്, 24208 റൺസ് നേടിയ രാഹുൽ ദ്രാവിഡ് എന്നിവരാണ് നിലവിൽ വിരാട് കോഹ്ലിക്ക് മുൻപിലുള്ളത്.