Skip to content

‘ധോണി കുറച്ചു കൂടി അവസരം നൽകിയിരുന്നുവെങ്കിൽ എന്റെ കരിയർ മറ്റൊരു രീതിയിലായേനെ’ വിരമിക്കലിന് പിന്നാലെ ഇന്ത്യൻ താരം

കഴിഞ്ഞ ദിവസം മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം ഈശ്വർ പാണ്ഡെ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയ്ക്ക് വേണ്ടി 25 മത്സരങ്ങൾ കളിച്ച പാണ്ഡെ ഇന്ത്യൻ ടീമിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. 2014ൽ ന്യുസിലാൻഡിനെതിരായ ടെസ്റ്റ് സ്ക്വാഡിൽ ഇടം പിടിച്ചിരുന്നു, എന്നാൽ അന്തിമ ഇലവനിൽ എത്താനായില്ല.

ഐപിഎലിൽ 25 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് മാത്രം വീഴ്ത്തിയ പാണ്ഡെയ്ക്ക് വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 75 മത്സരങ്ങളിൽ നിന്ന് 263 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അതേസമയം വിരമിക്കലിന് പിന്നാലെ ധോണി തന്നിൽ അൽപ്പം കൂടി വിശ്വാസം പ്രകടിപ്പിക്കുകയും  കുറച്ച് അവസരങ്ങൾ നൽകുകയും ചെയ്തിരുന്നുവെങ്കിൽ, തന്റെ കരിയർ മറ്റൊരു രീതിയിൽ നീങ്ങുമായിരുന്നുവെന്ന് പാണ്ഡെ വെളിപ്പെടുത്തിയിരിക്കുകയാണ്.

എന്റെ രാജ്യത്തിന് വേണ്ടി ഒരു മത്സരം കളിക്കാൻ എനിക്ക് ഭാഗ്യമുണ്ടായില്ലെങ്കിലും ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ (2014ൽ) കഴിഞ്ഞത് എനിക്ക് എല്ലായ്പ്പോഴും എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഓർമ്മയായിരിക്കും,” പാണ്ഡെ ഇൻസ്റ്റാഗ്രാമിലെ തന്റെ വിരമിക്കൽ പോസ്റ്റിൽ കുറിച്ചു.

“എന്നെ  തിരഞ്ഞെടുത്തതിന് ആർ‌പി‌എസ്‌ജിക്കും സി‌എസ്‌കെക്കും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സി‌എസ്‌കെ ടീമിന്റെ ഭാഗമാകാനും ഐ‌പി‌എൽ ഫൈനൽ കളിക്കാനും ചാമ്പ്യൻസ് ലീഗ് നേടാനും സാധിച്ചത് സവിശേഷമായിരുന്നു. ധോണിക്കും ഫ്ലെമിങിനും കീഴിൽ   2 വർഷം സി‌എസ്‌കെയ്‌ക്കായി കളിച്ച സമയം ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നു.” പോസ്റ്റിൽ കുറിച്ചു.

ഈ വർഷം മാർച്ചിൽ കേരളത്തിനെതിരെ തന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച പാണ്ഡെ 75 മത്സരങ്ങളിൽ നിന്ന് 263 വിക്കറ്റ് നേടി കരിയർ പൂർത്തിയാക്കി.  ടി20യിൽ 71 മത്സരങ്ങൾ കളിച്ച അദ്ദേഹം 4/20 എന്ന മികച്ച ബൗളിംഗ് ഫിഗറോടെ 68 വിക്കറ്റുകൾ വീഴ്ത്തി.  മധ്യപ്രദേശിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ ഐപിഎല്ലിൽ ചെന്നൈയ്ക്ക് വേണ്ടിയും റൈസിങ് പൂനെ സൂപ്പർജയന്റ്സിനും വേണ്ടിയും പ്രതിനിധീകരിച്ചിരുന്നു