ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ മാത്യൂ ഹെയ്ഡനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, മുന്നിൽ മൂന്ന് പേർ മാത്രം

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ സെഞ്ചുറി നേടിയ സ്മിത്തിൻ്റെ മികവിലാണ് ഓസ്ട്രേലിയ വിജയം കുറിച്ചത്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡനെ പിന്നിലാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. സച്ചിനും കോഹ്ലിയും അടക്കമുള്ള മൂന്ന് താരങ്ങൾ മാത്രമാണ് സ്മിത്തിന് മുൻപിലുള്ളത്.

ഓസ്ട്രേലിയ 25 റൺസിന് വിജയിച്ച മത്സരത്തിൽ 131 പന്തിൽ 11 ഫോറും ഒരു സിക്സുമടക്കം 105 റൺസ് നേടിയാണ് സ്മിത്ത് പുറത്തായത്. ഏകദിന ക്രിക്കറ്റിലെ സ്മിത്തിൻ്റെ പന്ത്രണ്ടാം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിൽ താരത്തിൻ്റെ നാൽപ്പതാം സെഞ്ചുറിയുമാണിത്.

വെറും 320 ഇന്നിങ്സുകളിൽ നിന്നാണ് സ്മിത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ 40 സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 40 സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്മിത്ത് സ്വന്തമാക്കി. 323 ഇന്നിങ്സിൽ നിന്നും 40 സെഞ്ചുറി നേടിയ മാത്യൂ ഹെയ്ഡനെയാണ് സ്മിത്ത് പിന്നിലാക്കിയത്.

309 ഇന്നിങ്സിൽ നിന്നും 40 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കർ, 294 ഇന്നിങ്സിൽ നിന്നും 40 സെഞ്ചുറി നേടിയ വിരാട് കോഹ്ലി, വെറും 264 ഇന്നിങ്സിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ 40 സെഞ്ചുറി നേടിയ ഹാഷിം അംല എന്നിവരാണ് ഈ നേട്ടത്തിൽ സ്റ്റീവ് സ്മിത്തിന് പിന്നിലുള്ളത്.