Skip to content

റോഡ് സേഫ്റ്റി സിരീസ്, ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് സച്ചിൻ്റെ ടീം

റോയൽ സേഫ്റ്റി വേൾഡ് സിരീസിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്ക ലെജൻഡ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻഡ്സ് . മത്സരത്തിൽ ഇന്ത്യ ലെജൻഡ്സ് ഉയർത്തിയ 218 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്ക ലെജൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

27 പന്തിൽ 38 റൺസ് നേടിയ ക്യാപ്റ്റൻ ജോണ്ടി റോഡ്സ് മാത്രമാണ് സൗത്താഫ്രിക്ക നിരയിൽ മികവ് പുലർത്തിയത്. ഇന്ത്യ ലെജൻഡ്സിന് വേണ്ടി രാഹുൽ ശർമ്മ മൂന്ന് വിക്കറ്റും മുനാഫ് പട്ടേൽ, പ്രഗ്യാൻ ഓജ, എന്നിവർ രണ്ട് വിക്കറ്റ് വീതവും യുവരാജ് സിങ്, ഇർഫാൻ പത്താൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജൻഡ്സ് 42 പന്തിൽ 5 ഫോറും 6 സിക്സും അടക്കം പുറത്താകാതെ 82 റൺസ് നേടിയ സ്റ്റുവർട്ട് ബിന്നിയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. യൂസഫ് പത്താൻ 15 പന്തിൽ പുറത്താകാതെ 35 റൺസ് നേടി. സുരേഷ് റെയ്ന 22 പന്തിൽ 33 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർ 16 റൺസ് നേടി പുറത്തായി.

സെപ്റ്റംബർ 14 ന് വെസ്റ്റിൻഡീസ് ലെജൻഡ്സിനെതിരെയാണ് ഇന്ത്യ ലെജൻഡ്സിൻ്റെ അടുത്ത മത്സരം.