തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയതോടെയാണ് മഗ്രാത്തിനൊപ്പമെത്തുവാൻ ബ്രോഡിന് സാധിച്ചത്.

12.2 ഓവറിൽ 41 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ ആദ്യ ഇന്നിങ്സിൽ ബ്രോഡ് വീഴ്ത്തി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ മഗ്രാത്തിനൊപ്പം സ്റ്റുവർട്ട് ബ്രോഡ് എത്തി. 159 മത്സരങ്ങൾ കളിച്ച് 563 വിക്കറ്റ് നേടിയാണ് ബ്രോഡ് മഗ്രാത്തിനൊപ്പമെത്തിയത്. മറുഭാഗത്ത് 124 മത്സരങ്ങളിൽ നിന്നാണ് മഗ്രാത്ത് 563 വിക്കറ്റ് നേടിയത്.

ഇനിയൊരു വിക്കറ്റ് കൂടെ നേടിയാൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസറെന്ന ചരിത്ര റെക്കോർഡ് ബ്രോഡിന് സ്വന്തമാക്കാം. 175 മത്സരങ്ങളിൽ നിന്നും 665 വിക്കറ്റ് നേടിയ സഹതാരം ജെയിംസ് ആൻഡേഴ്സനാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പേസർമാരുടെ പട്ടികയിൽ തലപത്തുള്ളത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക ആദ്യ ഇന്നിങ്സിൽ വെറും 118 റൺസ് നേടിയാണ് പുറത്തായത്. നാല് വിക്കറ്റ് നേടിയ സ്റ്റുവർട്ട് ബ്രോഡും അഞ്ച് വിക്കറ്റ് നേടിയ റോബിൻസനുമാണ് സൗത്താഫ്രിക്കyer ചുരുക്കികെട്ടിയത്. ജെയിംസ് ആൻഡേഴ്സൺ ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടിയിട്ടുണ്ട്. 48 റൺസ് നേടിയ ഒല്ലി പോപ്പ്, 12 റൺസ് നേടിയ ഹാരി ബ്രൂക്ക് എന്നിവരാണ് ക്രീസിലുള്ളത്. 13 റൺസ് നേടിയ അലക്സ് ലീസ്, 5 റൺസ് നേടിയ സാക് ക്രോലി, 23 റൺസ് നേടിയ ജോ റൂട്ട് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.