ഈ വർഷത്തെ അഞ്ചാമത്തെ ഡക്ക്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനം തുടർന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ അഞ്ച് റൺസ് നേടി പുറത്തായ താരം രണ്ടാം മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിന് പുറത്തായി. ഈ വർഷം ഏകദിന ക്രിക്കറ്റിൽ ഇത് അഞ്ചാം തവണയാണ് ഫിഞ്ച് പൂജ്യത്തിന് പുറത്താകുന്നത്. ഇതോടെ നാണകേടിൻ്റെ റെക്കോർഡ് ഓസ്ട്രേലിയൻ ക്യാപ്റ്റനെ തേടിയെത്തി.

കഴിഞ്ഞ 7 ഏകദിന മത്സരങ്ങളിൽ നിന്നും വെറും 26 റൺസ് നേടുവാൻ മാത്രമാണ് ഫിഞ്ചിന് സാധിച്ചിട്ടുള്ളത്. അതിൽ മൂന്ന് മത്സരങ്ങളിൽ താരം പൂജ്യത്തിന് പുറത്തായി. ഈ വർഷം മാത്രം ഏകദിന ക്രിക്കറ്റിൽ അഞ്ച് തവണയാണ് താരം പൂജ്യത്തിന് പുറത്തായത്. ഇതോടെ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഓസ്ട്രേലിയൻ താരമെന്ന നാണക്കേട് ഫിഞ്ച് സ്വന്തമാക്കി.

ഇയാൻ ഹീലി (1994), റിക്കി പോണ്ടിങ് (1996), ആൻഡ്രൂ സൈമണ്ട്സ് (2004), ആദം ഗിൽക്രിസ്റ്റ് (2005), ബ്രെറ്റ് ലീ (2009), ഷെയ്ൻ വാട്സൺ (2009) എന്നിവർ ഒരു വർഷം നാല് തവണ ഏകദിന ക്രിക്കറ്റിൽ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ അഞ്ച് തവണ പൂജ്യത്തിന് പുറത്താകുന്നത്. അധികം വൈകാതെ ഫോം വീണ്ടെടുത്തില്ലെങ്കിൽ ക്യാപ്റ്റൻ സ്ഥാനം മാത്രമല്ല ടീമിലെ തന്നെ സ്ഥാനവും ഫിഞ്ചിന് നഷ്ടപെട്ടേക്കാം.