Skip to content

പുറത്തായതിന് പിന്നാലെ അഫ്ഗാൻ താരവുമായി കൊമ്പുകോർത്ത് ആസിഫ് അലി : വീഡിയോ കാണാം

ആവേശകരമായ പോരാട്ടത്തിനാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൂപ്പർ ഫോർ മത്സരം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ അവസാന ഓവറിൽ ആവേശവിജയം നേടിയാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. ആവേശകരമായ മത്സരത്തിനിടെ അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദും പാക് ബാറ്റ്സ്മാൻ ആസിഫ് അലിയും ഗ്രൗണ്ടിൽ ഏറ്റുമുട്ടി. ഫരീദ് ആസിഫ് അലിയെ പുറത്താക്കിയതിന് പുറകെയാണ് ഇരുവരും തമ്മിൽ കളിക്കളത്തിൽ കൊമ്പുകോർത്തത്.

മത്സരത്തിലെ പത്തൊമ്പതാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ നാലാം പന്തിൽ ഫരീദിനെതിരെ ആസിഫ് അലി സിക്സ് പറത്തിയിരുന്നു. പിന്നാലെ തൊട്ടടുത്ത പന്തിൽ മികച്ച ഷോർട്ട് ബോളിലൂടെ ഫരീദ് താരത്തെ പുറത്താക്കി. ക്രീസിൽ മടങ്ങുകയായിരുന്ന ആസിഫ് അലിയുടെ മുൻപിൽ ഫരീദ് സെലിബ്രേറ്റ് ചെയ്യുന്നതിനിടെ ആസിഫ് അലി തട്ടിമാറ്റുകയും പിന്നാലെ ബാറ്റ് ഉയർത്തി അടിക്കാനോങ്ങുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ട് പോകുംമുൻപ് മറ്റു താരങ്ങൾ എത്തിയാണ് രംഗം ശാന്തമാക്കിയത്.

മത്സരത്തിൽ ഒരു വിക്കറ്റിൻ്റെ ആവേശവിജയമാണ് പാകിസ്ഥാൻ കുറിച്ചത്. അവസാന ഓവറിൽ കയ്യിൽ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 11 റൺസായിരുന്നു പാകിസ്ഥാന് വേണ്ടിയിരുന്നത്. മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഫറൂഖിയായിരുന്നു ഓവർ എറിയാനെത്തിയത്. എന്നാൽ ആദ്യ പന്തിൽ തന്നെ താരത്തിന് പിഴവ് പറ്റുകയും ഫുൾ ടോസായ പന്ത് യുവതാരം നസീം ഷാ ബൗണ്ടറി കടത്തുകയും ചെയ്തു. അതിന് പിന്നാലെ എറിഞ്ഞ പന്തിലും സിക്സ് നേടികൊണ്ട് നസീം ഷാ പാകിസ്ഥാന് വിജയം നേടികൊടുക്കുകയായിരുന്നു.

മത്സരത്തിലെ വിജയത്തോടെ പാകിസ്ഥാനും ശ്രീലങ്കയും ഫൈനലിൽ പ്രവേശിച്ചപ്പോൾ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏഷ്യ കപ്പിൽ നിന്നും പുറത്തായി.