Skip to content

എൻ്റെ രാജ്യം എന്നെ പിന്തുണച്ചിട്ടുണ്ട്, വിമർശിക്കുന്നവർ യഥാർത്ഥ അക്കൗണ്ടിൽ നിന്നും വരട്ടെ : ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി

ഇന്ത്യൻ യുവ പേസ് ബൗളർ അർഷ്ദീപ് സിങിനെ വ്യക്തിപരമായി അധിക്ഷേപിച്ചവർക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ സീനിയർ ബൗളർ മൊഹമ്മദ് ഷാമി. പാകിസ്ഥാനെതിരായ മത്സരത്തിൽ നിർണായക നിമിഷത്തിൽ ക്യാച്ച് പാഴാക്കിയതിന് പുറകെയാണ് അർഷ്ദീപ് സിങ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിട്ടത്. വിമർശിക്കുന്നവരും ട്രോൾ ചെയ്യുന്നവരും യഥാർത്ഥ അക്കൗണ്ടിൽ നിന്നും വരുവാൻ ആവശ്യപെട്ട മൊഹമ്മദ് ഷാമി യുവതാരത്തിന് പിന്തുണ നൽകുകയും ചെയ്തു.

മത്സരത്തിൽ രവി ബിഷ്നോയ് എറിഞ്ഞ പതിനെട്ടാം ഓവറിലാണ് പാക് ബാറ്റ്സ്മാൻ ആസിഫ് അലിയുടെ അനായാസ ക്യാച്ച് അർഷ്ദീപ് പാഴക്കിയത്. മത്സരത്തിൽ ഇന്ത്യ പരാജയപെടുകയും ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ താരം വിമർശനങ്ങൾ നേരിട്ടത്. എന്നാൽ ഈ വിമർശനങ്ങൾ പലപ്പോഴും അതിര് വിടുകയും ചെയ്തിരുന്നു. എന്നാൽ ഫേക്ക് അക്കൗണ്ടുകളിലൂടെയാണ് ഇന്ത്യൻ ആരാധകർ എന്ന പേരിൽ അർഷ്ദീപിനെതിരെ വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിനിടെ മൊഹമ്മദ് ഷാമിയും ഇത്തരത്തിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.

” അവർ ജീവിക്കുന്നത് നമ്മളെ ട്രോൾ ചെയ്യാൻ വേണ്ടിയാണ്, അവർക്ക് മറ്റൊരു ജോലിയുമില്ല. മികച്ച പ്രകടനം പുറത്തെടുത്താലോ മികച്ച ക്യാച്ച് നേടിയാലോ അവർ ഒന്നും തന്നെ പറയില്ല. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ യഥാർത്ഥ അക്കൗണ്ടുകളിൽ നിന്നും വരൂ, ഫേക്ക് അക്കൗണ്ടുകളിൽ നിന്നും ആർക്കും മെസേജ് അയക്കാം. ” ഷാമി പറഞ്ഞു.

” ഞാനും ഇത് നേരിട്ടിട്ടുണ്ട്, പക്ഷേ അതെന്നെ ബാധിക്കുകയില്ല. കാരണം എൻ്റെ രാജ്യം എല്ലായ്പ്പോഴും എനിക്ക് വേണ്ടി നിലകൊണ്ടിട്ടുണ്ട്. അർഷ്ദീപിനോട് എനിക്ക് ഒരു കാര്യം മാത്രമാണ് എനിക്ക് പറയാനുള്ളത്. ഇതൊന്നും നിന്നെ ബാധിക്കരുത്. വളരെയേറെ കഴിവ് നിനക്കുണ്ട് ” മൊഹമ്മദ് ഷാമി കൂട്ടിച്ചേർത്തു.