Skip to content

അന്ന് എൻ്റെ കരിയർ അവസാനിച്ചുവെന്നാണ് കരുതിയത്, തെറ്റുകൾ ആർക്കും സംഭവിക്കാം, ഇന്ത്യൻ യുവതാരത്തെ പിന്തുണച്ച് വിരാട് കോഹ്ലി

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന സൂപ്പർ ഫോർ മത്സരത്തിനിടെ പാകിസ്ഥാൻ താരം ആസിഫ് അലിയുടെ ക്യാച്ച് വിട്ടതിന് പുറകെ ഇന്ത്യൻ യുവതാരം അർഷ്ദീപ് സിങിനെതിരെ നിരവധി വിമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. വിമർശനങ്ങൾക്കിടയിൽ യുവതാരത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. തെറ്റുകൾ ആർക്കും സംഭവിക്കാമെന്നും ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളിൽ ഉയർന്ന സമ്മർദ്ദമാണ് കളിക്കാർക്ക് ഉള്ളതെന്നും കോഹ്ലി പറഞ്ഞു.

” തെറ്റ് ആർക്കും പറ്റാം, വളരെയേറെ സമ്മർദ്ദം നിറഞ്ഞ മത്സരമായിരുന്നു ഇത്. അതുകൊണ്ട് തന്നെ തെറ്റുകൾ സംഭവിക്കാം. എൻ്റെ ആദ്യ ചാമ്പ്യൻസ് ട്രോഫി മത്സരം ഞാൻ ഓർക്കുന്നു, അത് പാകിസ്ഥാനെതിരെയായിരുന്നു. ഷാഹിദ് അഫ്രീദിയ്ക്കെതിരെ വളരെ മോശം ഷോട്ട് ഞാൻ കളിച്ചു. ”

” അതിന് ശേഷം പുലർച്ചെ അഞ്ച് മണിവരെ ഞാൻ സീലിങ്ങിൽ നോക്കിയിരുന്നു, എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എൻ്റെ കരിയർ അവസാനിച്ചുവെന്ന് ഞാൻ കരുതി. പക്ഷേ ഇതെല്ലാം കളിക്കളത്തിൽ സ്വാഭാവികമാണ്. സീനിയർ താരങ്ങൾ നിങ്ങൾക്ക് ചുറ്റുമുണ്ട്. ടീമിൽ ഇപ്പോൾ മികച്ച അന്തരീക്ഷമുണ്ട്. അതിൻ്റെ ക്രെഡിറ്റ് ഞാൻ ക്യാപ്റ്റനും കോച്ചിനും നൽകും. കളിക്കാർക്ക് അവരുടെ തെറ്റുകളിൽ നിന്നും പഠിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ അവർ അവരുടെ തെറ്റുകൾ അംഗീകരിക്കുകയും തെറ്റുകൾ തിരുത്തികൊണ്ട് വീണ്ടും ആ സാഹചര്യം നേരിടാൻ തയ്യാറാവുകയും വേണം. ” കോഹ്ലി പറഞ്ഞു.

മത്സരത്തിലെ പതിനെട്ടാം ഓവറിലാണ് ആസിഫ് അലിയുടെ അനായാസ ക്യാച്ച് യുവതാരം വിട്ടുകളഞ്ഞത്. കിട്ടിയ അവസരം വേണ്ടതുപോലെ വിനിയോഗിച്ച ആസിഫ് അലി മത്സരം പാകിസ്ഥാൻ്റെ വരുതിയിലാക്കുകയും ചെയ്തു. ക്യാച്ച് വിട്ടതിന് പുറകെ അവസാന ഓവർ അർഷ്ദീപ് സിങിനാണ് രോഹിത് ശർമ്മ കൈമാറിയത്. മികച്ച രീതിയിൽ പന്തെറിഞ്ഞുവെങ്കിലും 7 റൺസ് മാത്രം വേണ്ടിയിരുന്ന പാകിസ്ഥാൻ ഓവറിലെ അഞ്ചാം പന്തിൽ വിജയം നേടുകയായിരുന്നു.