Skip to content

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തിരഞ്ഞെടുത്ത് റിക്കി പോണ്ടിങ്, ഇന്ത്യയിൽ നിന്നും രണ്ട് താരങ്ങൾ

ടി20 ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് പോണ്ടിങ് അഞ്ച് മികച്ച താരങ്ങളെ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ട്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളിൽ നിന്നും ഓരോ താരങ്ങളെ തിരഞ്ഞെടുത്ത പോണ്ടിങ് ഇന്ത്യയിൽ നിന്നും രണ്ടു പേരെ ഏറ്റവും മികച്ച അഞ്ച് കളിക്കാരുടെ ലിസ്റ്റിൽ ഉൾപെടുത്തി.

അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനെയാണ് ഒന്നാമനായി റിക്കി പോണ്ടിങ് തിരഞ്ഞെടുത്തത്. ഐ പി എല്ലിൽ സാലറി ക്യാപ് ഇല്ലാതെ ലേലം നടക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ പണം ലഭിക്കുക റാഷിദ് ഖാനായിരിക്കുമെന്നും സ്ഥിരതയോടെ വിക്കറ്റ് വീഴ്ത്തുവാനുള്ള കഴിവ് റാഷിദ് ഖാനുണ്ടെന്നും പോണ്ടിങ് പറഞ്ഞു.

രണ്ടാമനായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെയാണ് റിക്കി പോണ്ടിങ് തിരഞ്ഞെടുത്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ പാകിസ്ഥാനെ മികച്ച രീതിയിൽ നയിക്കാൻ ബാബർ അസമിന് സാധിച്ചുവെന്നും റെക്കോർഡുകൾ ബാബർ അസമിൻ്റെ മികവിന് തെളിവാണെന്നും പോണ്ടിങ് പറഞ്ഞു.

ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെയാണ് പട്ടികയിൽ മൂന്നാമനായി പോണ്ടിങ് തിരഞ്ഞെടുത്തത്.

” നിലവിലെ ഫോമിൽ ഹാർദിക് പാണ്ഡ്യയെ മറികടക്കുക ബുദ്ധിമുട്ടാണ്, ഐ പി എല്ലിൽ മികച്ച പ്രകടനം അവൻ കാഴ്ച്ചവെച്ചു. അവൻ വീണ്ടും ബൗൾ ചെയ്യുമെന്നതിൽ എനിക്ക് ഉറപ്പില്ലായിരുന്നു, കാരണം വലിയ പരിക്കുകൾ അവന് സംഭവിച്ചിരുന്നു. പക്ഷേ അവനിപ്പോൾ തിരിച്ചെത്തിയിരിക്കുന്നു. നാലോ അഞ്ചോ വർഷം മുൻപത്തെ പോലെ 140 ന് മുകളിൽ വേഗതയിൽ അവൻ പന്തെറിയിരുന്നു. ബാറ്റിങിലും അവൻ പക്വത കാണിക്കുന്നു. ” പോണ്ടിങ് പറഞ്ഞു.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറെയാണ് നാലാമനായി പോണ്ടിങ് തിരഞ്ഞെടുത്തത്. മറ്റുള്ള താരങ്ങൾക്ക് ഇല്ലാത്ത കഴിവ് ബട്ട്ലർക്കുണ്ടെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ മത്സരം മാറ്റിമറിക്കാൻ ബട്ട്ലർക്ക് സാധിക്കുമെന്നും പോണ്ടിങ് പറഞ്ഞു.

ജസ്പ്രീത് ബുംറയെയാണ് അഞ്ചാമനായി പോണ്ടിങ് തിരഞ്ഞെടുത്തത്. മൂന്ന് ഫോർമാറ്റിലെയും കമ്പ്ലീറ്റ് ബൗളർ ബുംറയാണെന്നും പോണ്ടിങ് പറഞ്ഞു.