Skip to content

പുറത്താകലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജഡേജ, കൈകൂപ്പി മുകളിലോട്ട് നോക്കി നന്ദി പറഞ്ഞ് കോഹ്ലി – വീഡിയോ

അതീവ സമ്മർദ്ദത്തിലൂടെ ഇന്ത്യയുടെ ചെയ്‌സിങിന്റെ അവസാന ഘട്ടം പുരോഗമിക്കുന്നതിനിടെ നസീം ഷാ എറിഞ്ഞ 18ആം ഓവറിൽ ജഡേജയ്ക്കെതിരെയുള്ള അപ്പീലിൽ അമ്പയർ ഔട്ട് വിധിച്ചിരുന്നു. ഇന്ത്യൻ ആരാധകരെയും സഹതാരങ്ങളെയും ഞെടുക്കി കൊണ്ടായിരുന്നു ഇത്.
ഉടനെ തന്നെ ജഡേജ തേർഡ് അമ്പയറെ സമീപിക്കുകയായിരുന്നു.

പരിശോധനയിൽ പന്ത് പതിച്ചത് ലെഗ് സൈഡിന് പുറത്തായതായി തെളിഞ്ഞതോടെ ജഡേജ രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇതിനിടെ ആരാധകരെ ശ്രദ്ധ പിടിച്ചു പറ്റിയത് കൈകൂപ്പി മുകളിലോട്ട് നോക്കി നന്ദി പറയുന്ന കോഹ്ലിയുടെ ദൃശ്യങ്ങളാണ്. രാഹുലിന് അരികിൽ ഇരിക്കുകയായിരുന്ന കോഹ്ലി വിധി അനുകൂലമായതോടെ ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം.

തൊട്ടടുത്ത പന്തിൽ ജഡേജ സിക്സ് പറത്തുകയും ചെയ്യുന്നുണ്ട്. ആ ഓവറിൽ ഉടനീളം മുടന്തി കൊണ്ടായിരുന്നു നസീം ഷാ പന്തെറിഞ്ഞത്. ഇടയ്ക്ക് ഫിസിയോ വന്ന് താൽക്കാലിക ശുശ്രൂഷ നൽകിയതോടെയാണ് ഓവർ പുനരാരംഭിച്ചത്. അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ച നസീം ഷാ ആദ്യ ഓവറിൽ തന്നെ രാഹുലിനെ പുറത്താക്കി മികച്ച ബൗളിംഗ് പ്രകടനം നടത്തിയിരുന്നു.

മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാനെ 147 റൺസിൽ ഒതുക്കി, മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 2 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കാണുകയായിരുന്നു. റൺസ് കണ്ടെത്താൻ ബാറ്റർമാർ ഏറെ ബുദ്ധിമുട്ടിയ പിച്ചിൽ 17 പന്തിൽ 4 ഫോറും 1 സിക്‌സും ഉൾപ്പെടെ 33 റൺസ് നേടിയ ഹർദിക് പാണ്ഡ്യയയാണ് ഇന്ത്യൻ ജയത്തിൽ ചുക്കാൻ പിടിച്ചത്.

ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും തിളങ്ങിയ ഹർദിക് 3 നിർണായക വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഹർദികിനൊപ്പം അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഉണ്ടായിരുന്ന ജഡേജയും ഇന്ത്യൻ ജയത്തിൽ വലിയ പങ്കുവഹിച്ചു. 29 പന്തിൽ 35 റൺസ് നേടിയിട്ടുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി 34 പന്തിൽ 35 റൺസ് നേടി മടങ്ങിയിരുന്നു.
ആദ്യ പന്തിൽ തന്നെ ബൗൾഡ് ആയി മടങ്ങിയ രാഹുലും, 18 പന്തിൽ 12 റൺസ് നേടി മടങ്ങിയ രോഹിതും പ്രകടനത്തിൽ നിരാശപ്പെടുത്തി