Skip to content

ആവേശപോരാട്ടത്തിൽ ഇന്ത്യൻ പേസർമാർ നേടിയത് ടി20യിലെ അപൂർവ റെക്കോർഡ്

ആവേശം അവസാന ഓവർവരെ അലതല്ലിയ മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാനെ 147 റൺസിൽ ഒതുക്കി, മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 2 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കാണുകയായിരുന്നു. റൺസ് കണ്ടെത്താൻ ബാറ്റർമാർ ഏറെ ബുദ്ധിമുട്ടിയ പിച്ചിൽ 17 പന്തിൽ 4 ഫോറും 1 സിക്‌സും ഉൾപ്പെടെ 33 റൺസ് നേടിയ ഹർദിക് പാണ്ഡ്യയയാണ് ഇന്ത്യൻ ജയത്തിൽ ചുക്കാൻ പിടിച്ചത്.

ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും തിളങ്ങിയ ഹർദിക് 3 നിർണായക വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഹർദികിനൊപ്പം അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഉണ്ടായിരുന്ന ജഡേജയും ഇന്ത്യൻ ജയത്തിൽ വലിയ പങ്കുവഹിച്ചു. 29 പന്തിൽ 35 റൺസ് നേടിയിട്ടുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി 34 പന്തിൽ 35 റൺസ് നേടി മടങ്ങിയിരുന്നു.
ആദ്യ പന്തിൽ തന്നെ ബൗൾഡ് ആയി മടങ്ങിയ രാഹുലും, 18 പന്തിൽ 12 റൺസ് നേടി മടങ്ങിയ രോഹിതും പ്രകടനത്തിൽ നിരാശപ്പെടുത്തി.

ഈ മത്സരത്തിൽ ഒരു അപൂർവ്വ റെക്കോർഡും ഇന്ത്യൻ പേസർമാർ സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ടി20ഐ മത്സരത്തിൽ ഇന്ത്യൻ പേസർമാർ ഒരു ടീമിന്റെ 10 വിക്കറ്റും വീഴ്ത്തുന്നത്. ഭുവനേശ്വർ കുമാർ 4, ഹർദിക് പാണ്ഡ്യ 3, അർഷ്ദീപ് സിങ് 2, ആവേശ് ഖാൻ 1, എന്നിങ്ങനെയാണ് വിക്കറ്റുകൾ വീഴ്ത്തിയത്. ഇന്ത്യൻ ടീമിൽ സ്പിന്നർമാരായ ചാഹലും, ജഡേജയും ചേർന്ന് 6 ഓവർ എറിഞ്ഞിരുന്നുവെങ്കിലും ഒരു വിക്കറ്റും വീഴ്ത്താൻ ആയിരുന്നില്ല.

ഒരു പന്ത് ബാക്കി നിൽക്കെ പതിനൊന്നാമനായി ക്രീസിൽ എത്തിയ ദഹനിയെ അർഷ്ദീപ് സിങ് ബൗൾഡാക്കി മടക്കിയതോടെയാണ് ഈ റെക്കോർഡ് ഇന്ത്യൻ പേസർമാരെ തേടിയെത്തിയത്. ഏകദിനത്തിലും ടെസ്റ്റിലും 10 വിക്കറ്റ് പേസർമാർ ഇത്തരത്തിൽ നേരെത്തെ തന്നെ വീഴ്ത്തിയിട്ടുണ്ട്.