Skip to content

ഇനി ഒന്നാമൻ, ചരിത്രനേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി ജെയിംസ് ആൻഡേഴ്സൺ

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ കാഴ്ച്ചവെച്ചത്. രണ്ട് ഇന്നിങ്സിൽ നിന്നുമായി 6 വിക്കറ്റുകളാണ് മത്സരത്തിൽ ആൻഡേഴ്സൺ നേടിയത്. ഈ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കിയിരിക്കുകയാണ് ആൻഡേഴ്സൺ.

( Picture Source : Twitter )

മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ തൻ്റെ രണ്ടാം വിക്കറ്റ് വീഴ്ത്തിയതോടെയാണ് ചരിത്രറെക്കോർഡ് ജെയിംസ് ആൻഡേഴ്സൺ സ്വന്തമാക്കിയത്. ഈ വിക്കറ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളറെന്ന റെക്കോർഡ് ആൻഡേഴ്സൺ സ്വന്തമാക്കി.

493 ഇന്നിങ്സിൽ നിന്നും 949 വിക്കറ്റ് നേടിയ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കിയാണ് ഈ ചരിത്രറെക്കോർഡ് ആൻഡേഴ്സൺ സ്വന്തമാക്കിയത്. മത്സരത്തിലെ പ്രകടനമടക്കം 532 ഇന്നിങ്സിൽ നിന്നും 951 വിക്കറ്റ് ഇതുവരെ ആൻഡേഴ്സൺ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 664 വിക്കറ്റ് നേടിയിട്ടുള്ള ആൻഡേഴ്സൺ 191 ഏകദിന മത്സരങ്ങളിൽ നിന്നും 269 വിക്കറ്റും 19 ടി20 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റും നേടിയിട്ടുണ്ട്.

( Picture Source : Twitter )

464 ഇന്നിങ്സിൽ നിന്നും 1001 വിക്കറ്റ് നേടിയ ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണും 583 ഇന്നിങ്സിൽ നിന്നും 1347 വിക്കറ്റ് നേടിയ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനും 501 ഇന്നിങ്സിൽ നിന്നും 956 വിക്കറ്റ് നേടിയ ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെയുമാണ് ഇനി ആൻഡേഴ്സണ് മുൻപിലുള്ളത്.

മത്സരത്തിൽ ഒരു ഇന്നിങ്സിനും 85 റൺസിനുമാണ് ഇംഗ്ലണ്ട് സൗത്താഫ്രിക്കയെ പരാജയപെടുത്തിയത്. 264 റൺസിൻ്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിന് ഇറങ്ങിയ സൗത്താഫ്രിക്കയ്‌ക്ക് 179 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിനയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.

ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ട് ഇന്നിങ്സിൽ നിന്നുമായി 4 വിക്കറ്റും നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് പ്ലേയർ ഓഫ് ദി മാച്ച്. ഇംഗ്ലണ്ട് ക്യാപ്റ്റനായുള്ള ബെൻ സ്റ്റോക്സിൻ്റെ ആദ്യ പ്ലേയർ ഓഫ് ദി മാച്ച് അവാർഡാണിത്.

( Picture Source : Twitter )