Skip to content

സെഞ്ചുറിയുമായി ബെൻ സ്റ്റോക്സും ബെൻ ഫോക്സും, രണ്ടാം ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പിടിമുറുക്കി ആതിഥേയരായ ഇംഗ്ലണ്ട്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെയും വിക്കറ്റ് കീപ്പർ ബെൻ ഫോക്സിൻ്റെയും സെഞ്ചുറിയുടെ പിൻബലത്തിൽ ആദ്യ ഇന്നിങ്സിൽ 264 റൺസിൻ്റെ വമ്പൻ ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

( Picture Source : Twitter )

രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്ക രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 23 റൺസ് നേടിയിട്ടുണ്ട്. 12 റൺസ് നേടിയ സാറൽ എർവീയും 11 റൺസ് നേടിയ ക്യാപ്റ്റൻ എൽഗറുമാണ് ക്രീസിലുള്ളത്.

ആദ്യ ഇന്നിങ്സിൽ 163 പന്തിൽ 103 റൺസ് നേടിയ ബെൻ സ്റ്റോക്സിൻ്റെയും 217 പന്തിൽ പുറത്താകാതെ 113 റൺസ് നേടിയ ബെൻ ഫോക്സിൻ്റെയും മികവിലാണ് 9 വിക്കറ്റ് നഷ്ടത്തിൽ 415 റൺസ് നേടി ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഇംഗ്ലണ്ട് ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ സെഞ്ചുറിയാണ് ബെൻ സ്റ്റോക്സ് മത്സരത്തിൽ നേടിയത്. മറുഭാഗത്ത് ഇംഗ്ലണ്ടിലെ തൻ്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് നേടിയത്.

( Picture Source : Twitter )

സൗത്താഫ്രിക്കയ്‌ക്ക് വേണ്ടി ആൻ്റിച്ച് നോർകിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്കയെ വെറും 151 റൺസിൽ ഇംഗ്ലണ്ട് ചുരുക്കികെട്ടിയിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡുമാണ് സൗത്താഫ്രിക്കയെ ചുരുക്കികെട്ടിയത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രണ്ട് വിക്കറ്റ് നേടി.

( Picture Source : Twitter )