ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൺ

ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വറെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടിൻ്റെ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്സൺ. ടെസ്റ്റ് ക്രിക്കറ്റ് മറ്റൊരു താരത്തിനും നേടാൻ സാധിക്കാതെ റെക്കോർഡാണ് ഈ മത്സരത്തോടെ ആൻഡേഴ്സൺ സ്വന്തമാക്കിയത്.

( Picture Source : Twitter )

ഇംഗ്ലണ്ടിൽ ജെയിംസ് ആൻഡേഴ്സൺ കളിക്കുന്ന നൂറാം ടെസ്റ്റ് മത്സരമാണിത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 100 ഹോം മത്സരങ്ങൾ കളിക്കുന്ന ആദ്യ കളിക്കാരനെന്ന ചരിത്രറെക്കോർഡ് ജെയിംസ് ആൻഡേഴ്സൺ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ ജെയിംസ് ആൻഡേഴ്സൻ്റെ 174 ആം മത്സരമാണിത്. ഇതിൽ ഇംഗ്ലണ്ടിന് പുറത്ത് 74 മത്സരങ്ങളാണ് ആൻഡേഴ്സൺ കളിച്ചിട്ടുള്ളത്.

സച്ചിൻ ടെണ്ടുൽക്കറാണ് ഈ നേട്ടത്തിൽ ആൻഡേഴ്സണ് പിന്നിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ മണ്ണിൽ 94 ടെസ്റ്റ് മത്സരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കർ കളിച്ചിട്ടുള്ളത്. ഓസ്ട്രേലിയയിൽ 92 മത്സരങ്ങൾ കളിച്ചിട്ടുള്ള റിക്കി പോണ്ടിങാണ് ഏറ്റവും കൂടുതൽ ഹോം ടെസ്റ്റ് മത്സരങ്ങൾ കളിച്ചവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.

( Picture Source : Twitter )

മത്സരത്തിലേക്ക് വരുമ്പോൾ തകർപ്പൻ തുടക്കമാണ് ആതിഥേയരായ ഇംഗ്ലണ്ടിന് ലഭിച്ചിരിക്കുന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയ്ക്ക്

ലഞ്ചിന് പിരിയുന്നതിന് മുൻപേ 5 വിക്കറ്റും നഷ്ടമായി. 77 റൺസ് മാത്രമാണ് സൗത്താഫ്രിക്കയ്ക്ക് നേടാനായത്.

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ജെയിംസ് ആൻഡേഴ്സൺ ഒരു വിക്കറ്റും നേടി.

( Picture Source : Twitter )