Skip to content

മുൻപിൽ സാക്ഷാൽ സ്റ്റെയ്നും അലൻ ഡൊണാൾഡും മാത്രം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കഗിസോ റബാഡ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ടെസ്റ്റിൽ സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡ കാഴ്ച്ചവെച്ചത്. സൗത്താഫ്രിക്ക വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 7 വിക്കറ്റ് താരം നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റബാഡ.

( Picture Source : Twitter )

സൗത്താഫ്രിക്ക ഒരു ഇന്നിങ്സിനും 12 റൺസിനും വിജയിച്ച മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 52 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ റബാഡ, രണ്ടാം ഇന്നിങ്സിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയിരുന്നു. ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റും താരം പൂർത്തിയാക്കി.

വെറും 53 മത്സരങ്ങളിൽ നിന്നുമാണ് റബാഡ ടെസ്റ്റ് ക്രിക്കറ്റിലെ 250 വിക്കറ്റ് പൂർത്തിയാക്കിയത്. ഇതോടെ ഏറ്റവും വേഗത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റ് നേടുന്ന മൂന്നാമത്തെ സൗത്താഫ്രിക്കൻ ബൗളറെന്ന റെക്കോർഡ് താരം സ്വന്തമാക്കി. 60 മത്സരങ്ങളിൽ നിന്നും 260 വിക്കറ്റ് നേടിയ ഷോൺ പൊള്ളോക്ക്, 65 മത്സരങ്ങളിൽ 250 വിക്കറ്റ് നേടിയ മഖായ എൻ്റിനി എന്നിവരെയാണ് റബാഡ പിന്നിലാക്കിയത്. 50 മത്സരങ്ങളിൽ നിന്നും 250 വിക്കറ്റ് നേടിയ സാക്ഷാൽ അലൻ ഡൊണാൾഡും 49 മത്സരങ്ങളിൽ നിന്നും 250 വിക്കറ്റ് നേടിയ ഡെയ്ൽ സ്റ്റെയ്നും മാത്രമാണ് റബാഡയ്‌ക്ക് മുൻപിലുള്ളത്.

( Picture Source : Twitter )

ഏറ്റവും കുറവ് ഇന്നിങ്സിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റ് നേടുന്ന ഒമ്പതാമത്തെ പേസർ കൂടിയാണ് കഗിസോ റബാഡ. അലൻ ഡൊണാൾഡ്, ഡേലെട് സ്റ്റെയ്ൻ, വഖാർ യൂനിസ്, ഡെന്നിസ് ലില്ലീ, ഇമ്രാൻ ഖാൻ, ഇയാൻ ബോതം, റിച്ചാർഡ് ഹാഡ്ലീ, മാക്കോം മാർഷൽ എന്നിവരാണ് റബാഡയ്‌ക്ക് മുൻപിലുള്ളത്.

ഇതുവരെ 53 മത്സരങ്ങളിൽ നിന്നും 250 വിക്കറ്റ് നേടിയ റബാഡയുടെ ബൗളിങ് സ്ട്രൈക്ക് റേറ്റ് 40.2 മാത്രമാണ്. 150 + വിക്കറ്റ് നേടിയവരിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള ബൗളർ കൂടിയാണ് കഗിസോ റബാഡ.

( Picture Source : Twitter )