Skip to content

ആദ്യ ഇന്നിംഗ്‌സിൽ 165 ൽ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടി ദക്ഷിണാഫ്രിക്ക ; റബഡയ്ക്ക് 5 വിക്കറ്റ് നേട്ടം

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയറെ 165 റൺസിൽ പുറത്താക്കി ദക്ഷിണാഫ്രിക്ക. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു. മഴ കാരണം ആദ്യ ദിനം 32 ഓവർ മാത്രമാണ് എറിഞ്ഞത്. 6ന് 116 എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ദിനം 49 റൺസ് നേടുന്നതിനിടെ ഇംഗ്ലണ്ടിന്റെ ബാക്കിയുള്ള വിക്കറ്റും വീഴ്ത്തി ആദ്യ ഇന്നിംഗ്‌സിൽ 165 റൺസിൽ പിടിച്ചു കെട്ടുകയായിരുന്നു.

5 വിക്കറ്റ് നേട്ടവുമായി തിളങ്ങിയ റബഡയാണ് ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞത്. ലീസ്, ക്രോളി, ഒല്ലി പോപ്പ്, ബ്രോഡ്, ആന്ഡേഴ്സൻ എന്നിവരുടെ വിക്കറ്റുകളാണ് റബഡ വീഴ്ത്തിയത്. ടെസ്റ്റ് കരിയറിലെ 12ആം 5വിക്കറ്റ് നേട്ടമാണിത്. 102 പന്തിൽ 5 ഫോർ സഹിതം 73 റൺസ് നേടിയ ഒല്ലി പോപ്പാണ് ടോപ്പ് സ്‌കോറർ. ഇംഗ്ലണ്ട് നിരയിൽ വെറും 4 പേരാണ് രണ്ടക്കം കടന്നത്, ക്യാപ്റ്റൻ സ്റ്റോക്‌സ് (20), ബ്രോഡ് (15), ലീച്ച്(15).

മികച്ച ഫോമിൽ ഉണ്ടായിരുന്ന ബെയ്‌ർസ്റ്റോ പൂജ്യത്തിൽ പുറത്തായപ്പോൾ മുൻ ക്യാപ്റ്റൻ റൂട്ട് 8 റൺസ് നേടി മടങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നോർജെ 3 വിക്കറ്റും ജാൻസെൻ 2 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 3 മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. നേരെത്തെ ടി20യിൽ 2-1ന് ദക്ഷിണാഫ്രിക്ക പരമ്പര നേടിയിരുന്നു. ഏകദിനം 1-1ന് സമനിലയിൽ കലാശിച്ചു.