Skip to content

ആർക്കും തകർക്കാനാവാത്തതാണ് ഈ റെക്കോർഡ് ; ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറി ആദ്യം ഒന്നല്ലേയുള്ളു 

ചരിത്രം പിറന്ന 8 വർഷങ്ങൾ !

വാർധക്യത്തിൽ മനുഷ്യൻ രണ്ടാം ശൈശവത്തിലെത്തുമെന്ന് പറയാറുണ്ട്.പക്ഷേ യുവത്വത്തിന്റെ മധ്യാഹ്നത്തിൽ രണ്ടാം കൗമാരം ആർജിച്ച ആദ്യ അനുഭവം സച്ചിനാവും ഉണ്ടായിരുന്നിരിക്കുക.

എഴുത്ത് ; – Rahul Lavitra 


8 വർഷങ്ങൾക്കുമുമ്പ് ഇതേ ദിവസം രാജഭരണത്തിന്റെ ശേഷിപ്പുകളിൽ അഭിരമിക്കുന്ന വൻ കൊട്ടാരങ്ങളുടെ നാടായ ഗ്വാളിയോറിൽ സച്ചിൻ ടെണ്ടുൽക്കറെന്ന ഇന്ത്യയുടെ അത്ഭുത പുത്രൻ 147 പന്തുകൾ കൊണ്ടൊരു പടുകൂറ്റൻ കൊട്ടാരം പണിതു.അതിൽ 200 റൺസിന്റെ തങ്കപ്രഭയ്ക്കു താഴെ മൂന്നേമുക്കാൾ മണിക്കൂർ നീണ്ട ചടങ്ങുകൾക്കൊടുവിൽ ഛത്രപതിയായി അധികാരത്തിലേക്ക്.

പട നയിച്ചെത്തിയ ദക്ഷിണാഫ്രിക്കാരും,

എന്തിന് ഏകദിന ക്രിക്കറ്റ് ലോകം തന്നെയും ആരാധനയോടെ സാക്ഷികളായി.ചരിത്രം പിറന്നു വീഴുന്നതുകണ്ടു അത്ഭുതത്തോടെ അവർ പ്രാർഥിച്ചുകാണും,മഹാരാജാവ് നീണാൾ വാഴട്ടെ എന്ന് ! 

എഡിറ്റിങ്ങില്ലാത്ത സിനിമയാണ് സച്ചിനെന്ന് ആ ഇന്നിംഗ്സ് കണ്ട് മനോരമ ഓൺലൈനിൽ അഭിപ്രായപ്പെട്ട സൗദി അറേബ്യയിൽ നിന്നുമുള്ള പ്രവാസി മലയാളി റാഫേൽ ദേവസിയുടെ വാക്കുകൾ എത്രയോ ശരി.മനോഹരമായ കാൽ‌ചലനങ്ങളിലൂടെ പന്ത് പുല്ല് തൊട്ടുപോകുന്ന ആ കാഴ്ചകൾക്ക് സമാനമായതൊന്നു കണ്ടുപിടിക്കാൻ നന്നേ പ്രയാസമാണ്. 

ആദ്യ സെഞ്ചുറി സച്ചിൻ പിന്നിട്ടത് 90 പന്തുകളിൽ.പിന്നീടുള്ള 100 റൺസ് വെറും 57 പന്തുകളിലും.അതിൽ 25 എണ്ണം അതിർത്തിവര കടന്നു,മൂന്നെണ്ണം ആ വെള്ളക്കയറിനെ ശല്യപ്പെടുത്താതെ പറന്നു ഗാലറിയിലെത്തി.അഞ്ചരയടി പൊക്കക്കാരനായ സച്ചിൻ മൂന്നടി നീളമുള്ള ബാറ്റുകൊണ്ട് ലോകത്തിന്റെ നെറുകയിൽ തൊട്ടതിന്റെ മാസ്മരിക ദൃശ്യങ്ങൾ ക്രിക്കറ്റിന് സമ്മാനിച്ചത് ആസ്വാദ്യതയുടെ പുത്തൻ തലങ്ങൾ;മറക്കാനാവില്ല അതിലൊരു നിമിഷം പോലും. 

പാർണലിന്റെ രണ്ടാം ഓവറിൽ ലോങ് ഓഫിലേക്കുള്ള ബൗണ്ടറിയോടെ സച്ചിൻ കളം നിറഞ്ഞു.പിന്നെ മൂന്നേമുക്കാൽ മണിക്കൂർ കൊണ്ട് ലോകവും.200 എന്ന മാസ്മരിക സംഖ്യയിലേക്ക് എത്തിയിട്ടും കൊടുമുടി കയറിയ ആവേശം ആരാധകർക്ക് വിട്ടുകൊടുത്തു പതിവുപോലെ ബാറ്റും ഹെൽമറ്റും ഉയർത്തിയുള്ള അഭിവാദ്യത്തിൽ മാത്രം സ്വന്തം ആഹ്ലാദം ഒതുക്കിയ ആ ഒരൊറ്റ നിമിഷം മതി സച്ചിനെ അറിയാൻ.പോർക്കളങ്ങൾക്കൊപ്പം വികാരങ്ങളെയും കീഴടക്കിയ സച്ചിൻ,

ഇന്ദ്രിയങ്ങളെ വരുതിയിലാക്കിയ മഹർഷിവര്യന്മാരുടെ നിലവാരത്തിലാണെന്നു 

ഒരു ആരാധകൻ വിശേഷിപ്പിച്ചതു ശരിയാണെന്ന് തോന്നുന്നു.

താരപരിവേഷത്തിന്റെ കൊടുമുടിയിൽ നിന്നുകൊണ്ട് സാധാരണ മനുഷ്യനായി പെരുമാറാൻ കഴിയുന്ന സച്ചിൻ സ്വന്തം സ്വഭാവത്തെയും ജീവിതത്തെയും വ്യാഖ്യാനിക്കുന്നത് ആധുനിക മാനേജ്‌മെന്റ് തിയറികളുടെ അന്തഃസത്തയറിഞ്ഞത് പോലെയാണെന്നാണ് മറ്റൊരു വീക്ഷണം.എവിടെയൊക്കെയാണ് ഒരു പ്രതിഭ മാറ്റുരയ്ക്കപ്പെടുന്നത് ? 

സച്ചിൻ ഒരു ക്രിക്കറ്റ് താരമാണോ ? അതോ ക്രിക്കറ്റിൽ അവതരിച്ച മാതൃകാപുരുഷനോ ?

സച്ചിൻ മാത്രം നിറഞ്ഞു നിന്ന ഒരു ചിത്രമായിരുന്നു  ഗ്വാളിയോർ.സെഞ്ചുറി തികഞ്ഞപ്പോഴും ശരീരഭാഷയിൽ പതിവില്ലാത്ത മിതത്വം.നേരിയ ചിരിപോലും വിരിയാതെ മുഖം.വരാനിരിക്കുന്ന വൻ ലക്ഷ്യത്തിനായി നേരത്തേ തന്നെ തയ്യാറെടുക്കുവായിരുന്നുവോ സച്ചിൻ ! 

ഒടുവിൽ ആ സ്വപ്നനേട്ടം സ്വന്തമാക്കുമ്പോഴും സച്ചിൻ ഒരു യോഗിയെപോലെ ശാന്തനായിരുന്നു.

ഇല്ല,ഇപ്പോൾ തുള്ളിച്ചാടുമെന്നു കരുതിയവർക്ക് തെറ്റി.മാജിക്ക് സംഖ്യ കടന്നപ്പോഴും സച്ചിൻ അത്യാഹ്ലാദത്തിലേക്ക് വീണില്ല.

അല്ലെങ്കിലും ഓരോ നേട്ടത്തിലും ആഹ്ലാദിക്കാൻ തുടങ്ങിയാൽപിന്നെ ആ ജീവിതത്തിൽ ആഹ്ലാദമൊഴിഞ്ഞ നേരം എന്നുണ്ടാവും,അല്ലേ !

ഏതായാലും ലോകക്രിക്കറ്റ് ഉള്ളിടത്തോളം മറക്കില്ല ഈയൊരു നിമിഷം.കിരീടവും ചെങ്കോലും ഇരു കൈകളിലും ഉയർത്തിപ്പിടിച്ചുള്ള ആ നിൽപ്പ്.ക്രിക്കറ്റ് ലോകത്ത് അതിനു സമാനതകളുണ്ടോ ?ക്രിക്കറ്റ് ദൈവങ്ങൾ സച്ചിനുവേണ്ടി മാത്രം മാറ്റിയിട്ടിരുന്നതാവണം ആ സിംഹാസനം.അല്ലെങ്കിൽ എത്ര പേർ 190 റൺസും കടന്നു വന്നതാണ്.അന്നൊന്നും ഇരുന്നൂറിന്റെ പടിവാതിൽ തുറക്കപ്പെട്ടില്ലല്ലോ.ഇനി എത്ര പേർ അതു തള്ളി തുറന്നാലും സച്ചിനെ മറന്നുകൊണ്ട് നമുക്ക് സംസാരിക്കാൻ കഴിയുമോ. 

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്,അത് മറ്റുള്ളവരുടെ കാര്യത്തിൽ.സച്ചിന്റെ കാര്യത്തിൽ അതങ്ങനെയല്ല.ഒരിക്കലും ആർക്കും തകർക്കാനാവാത്തതാണ് ഈ റെക്കോർഡ്.ഏകദിന ക്രിക്കറ്റിലെ “ആദ്യ” ഇരട്ട സെഞ്ചുറി.”ആദ്യം” ഒന്നല്ലേയുള്ളൂ… 🙂

_കെ എൻ ആർ