ഏഷ്യ കപ്പിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിനായി ആരാധകർ കാത്തിരിക്കെ ടൂർണമെൻ്റിൽ ഇന്ത്യയെ പരാജയപെടുത്തുമോയെന്ന ചോദ്യത്തിന് മറുപടി നൽകി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തങ്ങളുടെ നെതർലൻഡ്സ് പര്യടനത്തിന് മുൻപായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തെ കുറിച്ചുള്ള ചോദ്യത്തിന് ബാബർ അസം മറുപടി നൽകിയത്.

ഇരു രാജ്യങ്ങളും തമ്മിൽ പരമ്പരകൾ നടക്കാത്തതിനാൽ ഏഷ്യ കപ്പിലും ഐസിസി ടൂർണമെൻ്റിലും മാത്രമാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. എന്നാൽ ഈ ഏഷ്യ കപ്പിൽ മൂന്ന് തവണ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടാനുള്ള സാധ്യതകളുണ്ട്. ഇന്ത്യയെ മൂന്ന് മത്സരങ്ങളിലും പരാജയപെടുത്തുവാൻ പാകിസ്ഥാന് സാധിക്കുമോയെന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് പാക് ക്യാപ്റ്റൻ നൽകിയത്.
” ഞങ്ങൾക്ക് സമ്മർദ്ദം ഒന്നും തന്നെയില്ല. മറ്റേതൊരു മത്സരം പോലെ ഇന്ത്യയ്ക്കെതിരെ കളിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ” ചോദ്യത്തിന് മറുപടിയായി ബാബർ പറഞ്ഞു.
” തീർച്ചയായും ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ സമ്മർദ്ദം വ്യത്യസ്തമായിരിക്കും. പക്ഷേ അത് ബാധിക്കാതിരിക്കുവാൻ കഴിഞ്ഞ ലോകകപ്പിൽ ഞങ്ങൾ ശ്രമിച്ചിരുന്നു. കഴിവുകളിൽ വിശ്വസിച്ച് കൊണ്ട് ഞങ്ങളുടെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കും. ഇത്തവണയും എറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പരമാവധി പ്രയത്നിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യേണ്ടത്. മറ്റൊന്നും ഞങ്ങളുടെ കയ്യിലല്ല. നമ്മൾ ഏറ്റവും മികച്ചത് കാഴ്ച്ചവെച്ചാൽ തീര്ച്ചയായും ഫലമുണ്ടാകും. ” ബാബർ അസം കൂട്ടിച്ചേർത്തു.
