സഞ്ജുവിൻ്റെ പ്രകടനങ്ങൾ മികച്ചതാണ്, പക്ഷേ ലോകകപ്പ് ടീമിൽ ഉണ്ടാവില്ല, കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിലും ഇന്ത്യയ്ക്ക് വേണ്ടി ഈ വർഷം കളിച്ച മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെത്തുവെങ്കിലും ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുവാൻ സഞ്ജു സാംസണ് സാധിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. ഈ വർഷം വിൻഡീസ് പര്യടനത്തിനുള്ള ടീമിൻ്റെ ഭാഗമായിരുന്നുവെങ്കിലും ഏഷ്യ കപ്പിനുള്ള ടീമിൽ ഇടം നേടുവാൻ സഞ്ജുവിന് സാധിച്ചില്ല.

വിരാട് കോഹ്ലിയും കെ എൽ രാഹുലും തിരിച്ചെത്തിയതോടെയാണ് ശ്രേയസ് അയ്യർ ഇഷാൻ കിഷൻ എന്നിവർക്കൊപ്പം സഞ്ജുവും ടീമിൽ നിന്നും പുറത്തായത്. ഈ വർഷം ഇന്ത്യയ്ക്ക് വേണ്ടി കളിച്ച നാല് ഇന്നിങ്സിൽ നിന്നും 40 ന് മുകളിൽ ശരാശരിയിൽ 158.40 സ്ട്രൈക്ക് റേറ്റിൽ 179 റൺസ് സഞ്ജു നേടിയിരുന്നു.

” സഞ്ജു സാംസണ് ഇന്ത്യയ്‌ക്ക് പുറത്തും അകത്തുമായി ഒരുപാട് ആരാധകരുണ്ട്. അവരാകട്ടെ ഇൻ്റർനെറ്റിൽ സജീവവുമാണ്. പക്ഷേ ഈ മത്സരത്തിൽ സഞ്ജു പുറകിലാണെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ ലോകകപ്പിന് ശേഷം കളിച്ചിട്ടുള്ള 6 മത്സരങ്ങളിൽ അവന് 40 ന് മുകളിൽ ശരാശരിയും 150 ന് മുകളിൽ സ്ട്രൈക്ക് റേറ്റുണ്ട്. വളരെ കുറച്ച് അവസരങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും അത് ഉപയോഗപെടുത്താൻ അവന് സാധിച്ചിട്ടുണ്ട്. ”

” ഐ പി എല്ലിലും അവൻ്റെ പ്രകടനം മോശമല്ല. 17 മത്സരങ്ങളിൽ നിന്നും 28 ശരാശരിയിൽ 458 റൺസ് അവൻ നേടി. ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്നതിൽ ഈ ശരാശരി അൽപ്പം കുറവാണ്. പക്ഷേ 147 എന്ന മികച്ച സ്ട്രൈക്ക് റേറ്റ് അവനുണ്ട്. എന്നാൽ സഞ്ജു നേരിടുന്ന പ്രശ്നം ഈ പ്രകടനങ്ങൾ എല്ലാം തന്നെ ടോപ്പ് ത്രീയിൽ കളിക്കുമ്പോഴുള്ളതാണ്. ” ആകാശ് ചോപ്ര പറഞ്ഞു.

എന്നാൽ മറുഭാഗത്ത് ഏതൊരു പൊസിഷനിലും ബാറ്റ് ചെയ്യാൻ സാധിക്കുന്നതിനാൽ ദീപക് ഹൂഡയ്ക്ക് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ തീര്ച്ചയായും ഇടം നേടാൻ സാധിക്കുമെന്നും ഐ പി എല്ലിലും ഇന്ത്യൻ ടീമിൽ ലഭിച്ച അവസരങ്ങളിലും തിളങ്ങാൻ ഹൂഡയ്‌ക്ക് സാധിച്ചിട്ടുണ്ടെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.