Skip to content

ഷഹീൻ അഫ്രീദിയെ ഭയപ്പെടേണ്ട കാര്യമില്ല, ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശവുമായി മുൻ പാക് താരം

ഏഷ്യ കപ്പ് പോരാട്ടം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ടൂർണമെൻ്റിൽ ഏവരും കാത്തിരിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായാണ്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിന് മുൻപായി പാക് പേസർ ഷഹീൻ അഫ്രീദിയെ എങ്ങനെ നേരിടാമെന്നതിൽ ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് മുൻ പാക് താരം ഡാനിഷ് കനേരിയ.

കഴിഞ്ഞ ടി20 ലോകകപ്പിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഷഹീൻ അഫ്രീദിയായിരുന്നു. പാകിസ്ഥാൻ 10 വിക്കറ്റിന് വിജയിച്ച ആ മത്സരത്തിൽ രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരെ ഷഹീൻ അഫ്രീദി പുറത്താക്കിയിരുന്നു.

” രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ലോകോത്തര ബാറ്റ്സ്മാന്മാരാണ്. അവർ ഷഹീൻ അഫ്രീദിയെ പേടിക്കേണ്ടതില്ല. ഫുൾ ലെങ്തിൽ പന്തെറിഞ്ഞുകൊണ്ട് പന്ത് സ്വിങ് ചെയ്യാൻ ഷഹീൻ ശ്രമിക്കുമെന്ന് അവർ അറിഞ്ഞിരിക്കണം. ”

” അതുകൊണ്ട് തന്നെ ആ കെണിയിൽ വീഴാതിരിക്കാൻ അവർ തയ്യാറായിരിക്കണം. സ്ക്വയർ ലെഗിലേക്കുള്ള സൂര്യകുമാർ യാദവിൻ്റെ ഫ്ളിക് ഷോട്ടുകൾ ഷഹീൻ അഫ്രീദിയ്ക്കെതിരെ നിർണായകമായിരിക്കും. ” ഡാനിഷ് കനേരിയ പറഞ്ഞു.

ഓഗസ്റ്റ് 27 നാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. തൊട്ടടുത്ത ദിവസമാണ് ഏവരും കാത്തിരിക്കുന്ന ഇന്ത്യ – പാക് പോരാട്ടം നടക്കുന്നത്.