Skip to content

ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ അസം, സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് തുടരും

ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിൻ്റെ പിൻബലത്തിൽ സൂര്യകുമാർ യാദവ് ബാബർ അസമിൻ്റെ ഒന്നാം സ്ഥാനത്തിന് ഭീക്ഷണി ഉയർത്തിയിരുന്നുവെങ്കിലും അഞ്ചാം മത്സരത്തിൽ താരത്തിന് വിശ്രമം അനുവദിച്ചതോടെ അതിനുള്ള സാധ്യതകൾ അവസാനിച്ചിരുന്നു.

വിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ 44 പന്തിൽ 76 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് സൗത്താഫ്രിക്കൻ താരം ഐയ്ഡൻ മാർക്രം, പാക് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ എന്നിവരെ പിന്നിലാക്കികൊണ്ട് സൂര്യകുമാർ യാദവ് ബാബർ അസമിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയത്. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ 14 പന്തിൽ 24 റൺസ് നേടി പുറത്തായ താരത്തിന് അവസാന മത്സരത്തിൽ വിശ്രമം അനുവദിക്കുകയും ചെയ്തു. ഒരു മത്സരം നഷ്ടമായാൽ 7 റേറ്റിങ് പോയിൻ്റ് കളിക്കാർക്ക് നഷ്ടമാകും. ഇതോടെ ഇരുവരും തമ്മിലുള്ള റേറ്റിങ് പോയിൻ്റ് വ്യത്യാസം രണ്ടിൽ നിന്നും പതിമൂന്നായി മാറി. 805 പോയിൻ്റാണ് നിലവിൽ സൂര്യകുമാർ യാദവിനുള്ളത്. 818 റേറ്റിങ് പോയിൻ്റോടെയാണ് ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഐസിസി ടി20 റാങ്കിങിൽ 800 ലധികം റേറ്റിങ് പോയിൻ്റ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബാറ്റ്സ്മാനാണ് സൂര്യകുമാർ യാദവ്. വിരാട് കോഹ്ലിയും കെ എൽ രാഹുലുമാണ് ഇതിനുമുൻപ് 800 കധികം റേറ്റിങ് പോയിൻ്റ് നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ. കെ എൽ രാഹുലിൻ്റെ കരിയർ ബെസ്റ്റ് റേറ്റിങ് പോയിൻ്റ് 854 ഉം വിരാട് കോഹ്ലിയുടെ കരിയർ ബെസ്റ്റ് റേറ്റിങ് പോയിൻ്റ് 897 മാണ്.

വിൻഡീസിനെതിരെ അവസാന മത്സരത്തിൽ ഫിഫ്റ്റി നേടിയ ശ്രേയസ് അയ്യർ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19 ആം സ്ഥാനത്തെത്തിയപ്പോൾ റിഷഭ് പന്ത് 7 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 59 ആം സ്ഥാനത്തെത്തി. യുവ സ്പിന്നർ രവി ബിഷ്നോയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ബൗളർമാരുടെ 50 സ്ഥാനങ്ങൾ മെച്ചപെടുത്തിയ ബിഷ്നോയ് 44 ആം സ്ഥാനത്തെത്തി.