Skip to content

നോ പറയാതിരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, കോവിഡ് പോസിറ്റീവായ ഓസ്ട്രേലിയൻ താരം ഫൈനലിൽ കളിച്ചതിനെ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

കോവിഡ് ബാധിതയായ ശേഷം ഓസ്ട്രേലിയൻ താരം ടാലിയ മഗ്രാത്ത് ഇന്ത്യയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ കളിച്ചതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ടാലിയ മഗ്രാത്തിനെ കളിക്കാൻ അനുവദിച്ചതിൽ തങ്ങൾക്ക് പരാതികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലയെന്നും തങ്ങളിൽ ആരും തന്നെ നോ പറയാതിരുന്നതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു.

( Picture Source : Twitter )

ഫൈനൽ മത്സരത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ടാലിയ മഗ്രാത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ടോസ് വൈകുകയും കോമൺവെൽത്ത് മെഡിക്കൽ ടീമുമായി നടന്ന ചർച്ചയ്ക്ക് ശേഷം താരത്തെ കളിക്കുവാൻ അനുവദിക്കുകയായിരുന്നു.

“ടോസിന് മുൻപേ തന്നെ അവർ ഇക്കാര്യം ഞങ്ങളെ അറിയിച്ചിരുന്നു. കോമൺവെൽത്തായിരുന്നു ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടിയിരുന്നത്. ടാലിയയ്‌ക്ക് സാരമായ അസുഖമില്ലായിരുന്നു അതുകൊണ്ട് തന്നെ ഞങ്ങൾ കളിക്കുവാൻ തയ്യാറായി. ”

( Picture Source : Twitter )

” സ്പോട്സ്മാൻ സ്പിരിറ്റ് ഞങ്ങൾ കാണിക്കേണ്ടിയിരുന്നു. ടാലിയയോട് നോ പറയാതിരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഫൈനൽ മത്സരം നഷ്ടപെട്ടിരുന്നുവെങ്കിൽ അതവളെ നിരാശപെടുത്തിയേനെ. ” ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടാലിയ മഗ്രാത്തിന് സാധിച്ചിരുന്നില്ല. രണ്ടോവറിൽ 24 റൺസ് വഴങ്ങിയ താരത്തിന് 2 റൺസ് മാത്രമാണ് നേടുവാൻ സാധിച്ചത്. ഫൈനലിൽ 9 റൺസിനാണ് ഇന്ത്യ പരാജയപെട്ടത്. ഓസ്ട്രേലിയ ഉയർത്തിയ 162 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 19.3 ഓവറിൽ 152 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 43 പന്തിൽ 65 റൺസ് നേടിയ ഹർമൻപ്രീത് കൗറും 33 റൺസ് നേടിയ ജെമിമ റോഡ്രിഗസും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.

( Picture Source : Twitter )