Skip to content

തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി റാസ, പിന്തുണ നൽകി ചകബ്വ, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി സിംബാബ്‌വെ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടി സിംബാബ്‌വെ. രണ്ടാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് ആതിഥേയരായ സിംബാബ്‌വെ നേടിയത്. വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് സിംബാബ്‌വെ സ്വന്തമാക്കി.

( Picture Source : Twitter )

തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയ സിക്കന്ദർ റാസയുടെയും വിക്കറ്റ് കീപ്പർ റെജിസ് ചകബ്വയുടെയും മികവിലാണ് സിംബാബ്‌വെ വിജയം കുറിച്ചത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 291 റൺസിൻ്റെ വിജയലക്ഷ്യം 47.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‌വെ മറികടന്നു.

ഒരു ഘട്ടത്തിൽ 49 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് സിംബാബ്‌വെ മത്സരത്തിൽ തിരിച്ചെത്തിയത്. സിക്കന്ദർ റാസയും ചകബ്വയും അഞ്ചാം വിക്കറ്റിൽ 201 റൺസ് കൂട്ടിച്ചേർത്തു. റെജിസ് ചകബ്വ 75 പന്തിൽ 102 റൺസ് നേടിയപ്പോൾ സിക്കന്ദർ റാസ 127 പന്തിൽ 7 ഫോറും നാല് സിക്സുമടക്കം 117 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : Twitter )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 84 പന്തിൽ 80 റൺസ് നേടിയ മഹ്മദുള്ള, 50 റൺസ് നേടിയ തമീം ഇഖ്ബാൽ, 41 റൺസ് നേടിയ അഫീഫ് ഹോസൈൻ എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്.

നേരത്തേ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന് സിംബാബ്വെ വിജയിച്ചിരുന്നു. 110 റൺസ് നേടിയ ഇന്നസെൻ്റ് കയ്യയുടെയും 109 പന്തിൽ 135 റൺസ് നേടിയ സിക്കന്ദർ റാസയുടെയും മികവിലാണ് മത്സരത്തിൽ സിംബാബ്‌വെ വിജയം കുറിച്ചത്. ഓഗസ്റ്റ് 10 നാണ് പരമ്പരയിലെ മൂന്നാം മത്സരം.

( Picture Source : Twitter )