ഒറ്റകൈ ഷോട്ട് വിട്ട് ‘ഒറ്റകാൽ’ ഷോട്ടുമായി റിഷഭ് പന്ത് ; വിചിത്രമായ ഷോട്ടിൽ അന്തംവിട്ട് ആരാധകർ – വീഡിയോ

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ 59 റൺസിന്റെ കൂറ്റൻ ജയവുമായി പരമ്പര സ്വന്തമാക്കി രോഹിതും കൂട്ടരും. ഇന്ത്യ മുന്നോട്ട് വെച്ച 192 വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് തുടക്കം മുതൽ തന്നെ ചുവട് പിഴച്ചിരുന്നു.നിശ്ചിത ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ത്തിയതോടെ വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്സ് 132ൽ അവസാനിച്ചു. 4 ഓവറിൽ 2 വിക്കറ്റ് വീഴ്ത്തി 17 റൺസ് വഴങ്ങിയ ആവേശ് ഖാനാണ് കളിയിലെ താരം.

പവർ പ്ലേ അവസാനിച്ചപ്പോൾ സ്‌കോർ ബോർഡിൽ 61 റൺസ് ഉണ്ടായിരുന്നുവെങ്കിലും 3 വിക്കറ്റ് നഷ്ട്ടമായത് ചെയ്‌സിങ് ദുഷ്‌കാരമാക്കി. 10 ഓവർ പിന്നീടും മുമ്പേ വീണ്ടും 2 വിക്കറ്റ് കൂടി നഷ്ട്ടമായി. വെസ്റ്റ് ഇൻഡീസ് നിരയിൽ ഒരു മികച്ച പാർട്ണർഷിപ്പ് ഉയരാത്തത് വൻ തിരിച്ചടിയായി. ആവേശ് ഖാനെ കൂടാതെ അർഷ്ദീപ് (3 വിക്കറ്റ്) അക്‌സർ പട്ടേൽ (2), രവിബിഷ്നോയി (2) എന്നിവരും ബൗളിങ്ങിൽ മിടുക്ക് കാട്ടി.

നേരെത്തെ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (16 പന്തില്‍ 33), വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ( 31 പന്തില്‍ 44) മലയാളി താരം സഞ്ജു സാംസൺ (23 പന്തിൽ 30) എന്നിവർ മികച്ച ബാറ്റിങ് പുറത്തെടുത്തു. നാല് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ഓപ്പണര്‍ സൂര്യകുമാര്‍ യാദവ് 14 പന്തില്‍ 24 റണ്‍സ് നേടി.

അവസാന ഓവറിൽ സഞ്ജു ബൗണ്ടറി നേടാൻ പാട്പെട്ടപ്പോൾ  കത്തി കയറിയ അക്സർ പട്ടേലാണ് ഇന്ത്യൻ സ്‌കോർ 191ൽ എത്തിച്ചത്. 8 പന്തില്‍ 20 റണ്‍സാണ് അക്‌സര്‍ അടിച്ച്‌ കൂട്ടിയത്.
അതേസമയം സമകാലീന ക്രിക്കറ്റിൽ വിചിത്രമായ ഷോട്ടുകൾ പേരുകേട്ട റിഷഭ് പന്ത് മത്സരത്തിനിടെ മറ്റൊരു വ്യത്യസ്തമായ ഷോട്ടുമായി എത്തിയിരുന്നു.

15ആം ഓവറിലെ അഞ്ചാം പന്തിൽ മേകൊയ്ക്ക് എതിരെയാണ് ഇത്തവണ പന്ത് വിചിത്രമായ ഷോട്ട് കളിച്ചത്. റൺസ് വഴങ്ങാതിരിക്കാൻ റിക്ഷഭ് പന്തിന്റെ ഓഫ് സൈഡിലേക്ക് അകറ്റി എറിഞ്ഞ മേകൊയുടെ ഡെലിവറിയാണ് കഷ്ടപ്പെട്ട് സ്ട്രെച്ച് ചെയ്ത് റിഷഭ് ഫോറാക്കി മാറ്റിയത്.ഒറ്റ കാലിൽ നിന്ന് കൊണ്ടാണ് അവസാനം ഷോട്ട് പൂർത്തിയാക്കിയത്.