Skip to content

നാലാം ടി20 യിലും തകർപ്പൻ വിജയം, വിൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

രോഹിത് ശർമ്മയ്ക്ക് കീഴിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ റൺസിന് വിജയിച്ച ഇന്ത്യ ടി20 പരമ്പരയും സ്വന്തമാക്കി. പരമ്പരയിലെ ഇന്ത്യയുടെ മൂന്നാം വിജയമാണിത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 19.1 ഓവറിൽ 132 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

( Picture Source : Twitter )

വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ വെസ്റ്റിൻഡീസ് ബാറ്റിങ് നിരയിൽ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. ക്യാപ്റ്റൻ നിക്കോളാസ് പൂറൻ 8 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോൾ റോവ്മാൻ പവൽ 16 പന്തിൽ 24 റൺസ് നേടി പുറത്തായി. 19 റൺസ് നേടിയ ഹെറ്റ്മയറിനും 13 റൺസ് നേടിയ ജേസൺ ഹോൾഡർക്കും കാര്യമായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല.

ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റും ആവേശ് ഖാൻ സിങ്, രവി ബിഷ്നോയ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

( Picture Source : Twitter )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 31 പന്തിൽ 44 റൺസ് നേടിയ റിഷഭ് പന്ത്, 16 പന്തിൽ 33 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 23 പന്തിൽ 30 റൺസ് നേടിയ സഞ്ജു സാംസൺ, 8 പന്തിൽ 20 റൺസ് നേടിയ അക്ഷർ പട്ടേൽ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടിയത്.

മത്സരത്തിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 3-1 ന് ഇന്ത്യ സ്വന്തമാക്കി. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

( Picture Source : Twitter )