തകർപ്പൻ സെഞ്ചുറിയുമായി സിക്കന്ദർ റാസ, ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയ്‌ക്ക് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സിംബാബ്‌വെയ്ക്ക് 5 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 304 റൺസിൻ്റെ വിജയലക്ഷ്യം 48.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‌വെ മറികടന്നു. സെഞ്ചുറി നേടിയ സിക്കന്ദർ റാസയും ഇന്നസെൻ്റ് കൈയയുമാണ് സിംബാബ്‌വെയ്ക്ക് വിജയം സമ്മാനിച്ചത്.

( Picture Source : Twitter )

2013 ന് ശേഷം ഇതാദ്യമായാണ് ഒരു ഏകദിന മത്സരത്തിൽ സിംബാബ്വെ ബംഗ്ലാദേശിനെ പരാജയപെടുത്തുന്നത്. 304 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ 62 റൺസിന് 3 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് സിംബാബ്‌വെ മത്സരത്തിൽ തിരിച്ചെത്തിയത്. നാലാം വിക്കറ്റിൽ റാസയും ഇന്നസെൻ്റ് കയ്യയും 192 റൺസ് കൂട്ടിച്ചേർത്തു.

ഇന്നസെൻ്റ് കയ്യ 122 പന്തിൽ 11 ഫോറും 2 സിക്സുമടക്കം 110 റൺസ് നേടി പുറത്തായപ്പോൾ ഏകദിന ക്രിക്കറ്റിലെ തൻ്റെ നാലാം സെഞ്ചുറി നേടിയ സിക്കന്ദർ റാസ 109 പന്തിൽ 8 ഫോറും 6 സിക്സും ഉൾപ്പടെ 135 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : Twitter )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 89 പന്തിൽ 81 റൺസ് നേടിയ ലിറ്റൺ ദാസ്, 62 പന്തിൽ 73 റൺസ് നേടിയ അനമുൾ ഹഖ്, 62 റൺസ് നേടിയ ക്യാപ്റ്റൻ തമീം ഇഖ്ബാൽ, 52 റൺസ് നേടിയ മുഷ്ഫിഖുർ റഹിം എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പരയിൽ സിംബാബ്‌വെ 1-0 ന് മുൻപിലെത്തി. ഓഗസ്റ്റ് ഏഴിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ടി20 പരമ്പര നേരത്തെ 2-1 ന് സിംബാബ്‌വെ സ്വന്തമാക്കിയിരുന്നു.

( Picture Source : Twitter )