ഇനി വേണ്ടത് മൂന്ന് സിക്സ് മാത്രം, രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്. ഇനി മൂന്ന് സിക്സ് കൂടെ നേടുവാൻ സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് ഹിറ്റ്മാന് സ്വന്തമാക്കാം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 426 ഇന്നിങ്സുകളിൽ നിന്നുമായി 474 സിക്സ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. ഇനി മൂന്ന് സിക്സ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡ് രോഹിത് ശർമ്മയ്ക്ക് സ്വന്തമാക്കാം.

നിലവിൽ 551 ഇന്നിങ്സിൽ നിന്നും 553 സിക്സ് നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്ൽ, 508 ഇന്നിങ്സിൽ നിന്നും 474 സിക്സ് നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി എന്നിവർക്ക് പുറകിൽ മൂന്നാം സ്ഥാനത്താണ് രോഹിത് ശർമ്മയ്ക്കുള്ളത്. മൂന്ന് സിക്സ് കൂടെ നേടിയാൽ ചരിത്ര റെക്കോർഡിൽ അഫ്രീദിയെ പിന്നിലാക്കുവാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്ക് സാധിക്കും.

ഏകദിന ക്രിക്കറ്റിൽ 250 സിക്സ് നേടിയിട്ടുള്ള ഹിറ്റ്മാൻ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 160 സിക്സും ടെസ്റ്റ് ക്രിക്കറ്റിൽ 64 സിക്സുമാണ് നേടിയിട്ടുള്ളത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 44 പന്തിൽ 7 ഫോറും 2 സിക്സും അടക്കം 64 റൺസ് നേടിയ രോഹിത് ശർമ്മ രണ്ടാം മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്താക്കപെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ 5 പന്തിൽ 11 റൺസ് നേടി നിൽക്കവെ പരിക്ക് മൂലം രോഹിത് ശർമ്മ ബാറ്റിങ് മതിയാക്കി ക്രീസിൽ നിന്നും മടങ്ങിയിരുന്നു. പരിക്ക് ഭേദപ്പെട്ടതിനാൽ തന്നെ അടുത്ത രണ്ട് മത്സരത്തിൽ രോഹിത് ശർമ്മയ്‌ക്ക് കളിക്കാനാകും.