അവരോട് പരാജയപെടുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല, സിംബാബ്‌വെയ്ക്കെതിരായ തോൽവിയിൽ കളിക്കാരെ രൂക്ഷമായി വിമർശിച്ച് ബംഗ്ലാദേശ് ടീം ഡയറക്ടർ

സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിൽ പരാജയപെടുമെന്ന് താൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബംഗ്ലാദേശ് ടീം ഡയറക്ടർ ഖാലിദ് മഹ്മൂദ്. പരാജയത്തിൽ വളരെയേറെ നിരാശയുണ്ടെന്നും കളിക്കാർ വിജയിക്കാൻ വേണ്ടിയല്ല ടീമിൽ അവരുടെ സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് കളിച്ചതെന്നും ടീം ഡയറക്ടർ വിമർശിച്ചു.

ഇതാദ്യമായാണ് സിംബാബ്വെയോട് ബംഗ്ലാദേശ് ഒരു ടി20 പരാജയപെടുന്നത്. ആദ്യ മത്സരത്തിൽ 17 റൺസിനും അവസാന മത്സരത്തിൽ 19 റൺസിനും വിജയിച്ചുകൊണ്ടാണ് സിംബാബ്‌വെ പരമ്പര സ്വന്തമാക്കിയത്.

” ഞാൻ വളരെ നിരാശനാണ്. സിംബാബ്‌വെയോട് പരാജയപെടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അവരേക്കാൾ മികച്ച ടീമാണ് ഞങ്ങൾ. ഈ തോൽവി തീർച്ചയായും അപമാനമാണ്. ടി20 പരമ്പര തീര്ച്ചയായും വിജയിക്കണമായിരുന്നു. ഈ തോൽവി അസാധാരണമാണ്. ”

( Picture Source: Twitter )

” വിജയിക്കാൻ ഒരോവറിൽ പത്തോ പന്ത്രണ്ടോ റൺസ് വേണ്ടിയിരുന്നപ്പോൾ ഒരോവറിൽ ആറും ഏഴും റൺസ് മാത്രമാണ് ഞങ്ങൾ നേടിയത്. ആരും ഒരു സിക്സ് പോലും നേടുവാൻ ശ്രമിച്ചില്ല, എല്ലാവരും സിംഗിൾ അല്ലെങ്കിൽ ഡബിൾ നേടാനാണ് ശ്രമിച്ചത്. അതെന്തിനായിരുന്നു ? ടീമിൽ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കുവാൻ ശ്രമിക്കുന്നത് പോലെയാണ് അവർ ബാറ്റ് ചെയ്തത്. അവരുടെ സ്ഥാനം നഷ്ടപെടാതിരിക്കാൻ വേണ്ടത്ര റൺസ് നേടാനായിരുന്നു അവർ ശ്രമിച്ചത്. ” ഖാലിദ് മഹമ്മൂദ് പറഞ്ഞു.

” 157 റൺസ് ചേസ് ചെയ്യുമ്പോൾ 90 അല്ലെങ്കിൽ 110 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്താൽ മത്സരത്തിൽ വിജയിക്കാൻ സാധിക്കില്ല. ഒരാൾ തീര്ച്ചയായും ഉയർന്ന സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യേണ്ടതുണ്ട്. സിംബാബ്‌വെയുടെ ബേൾ, ജോങ്വെ അവരുടെ സ്ട്രൈക്ക് റേറ്റ് നോക്കൂ. മത്സരത്തിൻ്റെ ഗതിയെ തന്നെ അവർ മാറ്റി. ലിറ്റൻ ദാസ് എല്ലാ ദിവസവും സ്കോർ ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല. ” ഖാലിദ് മഹമ്മൂദ് കൂട്ടിച്ചേർത്തു.

( Picture Source: Twitter )