Skip to content

ഫോമിൽ തിരിച്ചെത്തി സൂര്യകുമാർ യാദവ്, മൂന്നാം ടി20 യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 165 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഫിഫ്റ്റി നേടി ഫോമിൽ തിരിച്ചെത്തിയ സൂര്യകുമാർ യാദവാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter )

അന്താരാഷ്ട്ര ടി20 യിലെ തൻ്റെ നാലാം ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവ് 44 പന്തിൽ 8 ഫോറും 4 സിക്സും ഉൾപ്പടെ 76 റൺസ് നേടിയാണ് പുറത്തായത്. റിഷഭ് പന്ത് 26 പന്തിൽ പുറത്താകാതെ 33 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 27 പന്തിൽ 24 റൺസും ഹാർദിക് പാണ്ഡ്യ 4 റൺസും നേടി പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ്മ 11 റൺസ് നേടി നിൽക്കവേ പരിക്ക് മൂലം ബാറ്റിങ് മതിയാക്കി ക്രീസിൽ നിന്നും മടങ്ങി.

( Picture Source : Twitter )

നേരത്തേ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ 50 പന്തിൽ 73 റൺസ് നേടിയ കെയ്ൽ മേയേഴ്സാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഹെറ്റ്മയർ 12 പന്തിൽ 20 റൺസും റോവ്മാൻ പവൽ 14 പന്തിൽ 23 റൺസും നേടി.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുൻപിലെത്തി. ഓഗസ്റ്റ് ആറിനാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്.

( Picture Source : Twitter )