ബ്രാൻഡൻ കിങിൻ്റെ കുറ്റി തെറിപ്പിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇന്ത്യൻ ടീമിൽ പരിക്കിന് ശേഷം തിരിച്ചെത്തിയതുമുതൽ മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചുവരവിൽ ബൗളിങിലും ബാറ്റിങ്ങിലും ഒരുപോലെ മികവ് പുലർത്താൻ താരത്തിന് സാധിച്ചു. വിൻഡീസിനെതിരായ മൂന്നാം മത്സരത്തിലും മികച്ച ബൗളിങ് പ്രകടനമാണ് ഹാർദിക് പാണ്ഡ്യ പുറത്തെടുത്തത്. നാലോവറിൽ 19 റൺസ് വഴങ്ങിയ താരം ഒരു വിക്കറ്റ് നേടിയിരുന്നു. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ താരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് പാണ്ഡ്യ സ്വന്തമാക്കി.

( Picture Source : Twitter )

മത്സരത്തിലെ എട്ടാം ഓവറിലെ രണ്ടാം പന്തിൽ വിൻഡീസ് ഓപ്പണർ ബ്രാൻഡൻ കിങിനെ പുറത്താക്കിയ താരം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കി.

ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 50 വിക്കറ്റും 500 റൺസും നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഹാർദിക് സ്വന്തമാക്കി. 66 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ഹാർദിക് പാണ്ഡ്യ 46 ഇന്നിങ്സിൽ നിന്നും 140 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 802 റൺസ് നേടിയിട്ടുണ്ട്.

( Picture Source : Twitter )

അന്താരാഷ്ട്ര ടി20 യിൽ 50 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് ഹാർദിക് പാണ്ഡ്യ. യുസ്വെന്ദ്ര ചഹാൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇതിനുമുൻപ് അന്താരാഷ്ട്ര ടി20 യിൽ 50 വിക്കറ്റ് നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.

( Picture Source : Twitter )