മൂന്നാം ടി20 യിലും ബംഗ്ലാദേശിനെ തകർത്ത് സിംബാബ്‌വെ, സ്വന്തമാക്കിയത് ചരിത്രവിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ചരിത്രവിജയം കുറിച്ച് ആതിഥേയരായ സിംബാബ്‌വെ. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെ 10 റൺസിന് പരാജയപ്പെടുത്തിയ സിംബാബ്‌വെ പരമ്പര 2-1 ന് സ്വന്തമാക്കി. ഇതാദ്യമായാണ് ബംഗ്ലാദേശിനെതിരെ സിംബാബ്‌വെ ടി20 പരമ്പര വിജയിക്കുന്നത്.

( Picture Source : Twitter )

മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 157 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 27 പന്തിൽ 39 റൺസ് നേടിയ അഫീഫ് ഹൊസൈൻ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്.

( Picture Source : Twitter )

സിംബാബ്‌വെയ്ക്ക് വേണ്ടി വിക്ടർ ന്യോചി മൂന്ന് വിക്കറ്റും ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 28 പന്തിൽ 2 ഫോറും 6 സിക്സുമടക്കം 54 റൺസ് നേടിയ റയാൻ ബേളിൻ്റെയും 20 പന്തിൽ 35 റൺസ് നേടിയ ജോങ്വെയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്. ഒരു ഘട്ടത്തിൽ 67 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് സിംബാബ്‌വെ ശക്തമായി തിരിച്ചെത്തിയത്. നാസും അഹമ്മദ് എറിഞ്ഞ പതിനഞ്ചാം ഓവറിൽ 5 സിക്സും ഒരു ഫോറും അടക്കം 34 റൺസ് റയാൻ ബേൾ അടിച്ചുകൂട്ടി.

ടി20 ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ സിംബാബ്വെയുടെ ആദ്യ പരമ്പര വിജയമാണിത്. കൂടാതെ ഇതാദ്യമായാണ് സ്വന്തം നാട്ടിൽ ഒരു ടി20 പരമ്പര സിംബാബ്‌വെ നേടുന്നത്. നേരത്തെ ലോകകപ്പ് ക്വാളിഫയറിൽ ഫൈനലിൽ നെതർലൻഡ്സിനെ പരാജയപെടുത്തികൊണ്ട് ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലേക്ക് സിംബാബ്‌വെ യോഗ്യത നേടിയിരുന്നു.

( Picture Source : Twitter )