വിജയശില്പിയായി സിക്കന്ദർ റാസ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം നേടി സിംബാബ്‌വെ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സിംബാബ്വെയ്ക്ക് 17 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 206 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

26 പന്തിൽ 42 റൺസ് നേടിയ നുറുൾ ഹസനും 19 പന്തിൽ 32 റൺസ് നേടിയ ലിറ്റൺ ദാസും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 26 പന്തിൽ 7 ഫോറും 4 സിക്സുമടക്കം 65 റൺസ് നേടിയ സിക്കന്ദർ റാസ, 46 പന്തിൽ 67 റൺസ് നേടിയ വെസ്ലി മധേവേറെ, 19 പന്തിൽ 33 റൺസ് നേടിയ സീൻ വില്യംസ് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. അവസാന അഞ്ചോവറിൽ മാത്രം 77 റൺസ് സിംബാബ്വെ അടിച്ചുകൂട്ടി. ബംഗ്ലാദേശ് ബൗളർമാർ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. മുസ്തഫിസർ രഹ്മൻ്റ് രണ്ട് വിക്കറ്റ് നേടിയെങ്കിലും നാലോവറിൽ 50 റൺസ് വിട്ടുകൊടുത്തു.

( Picture Source : Twitter )

മുതിർന്ന താരങ്ങളായ ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹിം എന്നിവർക്ക് വിശ്രമം നൽകിയിരിക്കുന്ന പരമ്പരയിൽ നുറുൽ ഹസനാണ് ബംഗ്ലാദേശിനെ നയിക്കുന്നത്.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആതിഥേയർ 1-0 ന് മുൻപിലെത്തി. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.

( Picture Source : Twitter )