Skip to content

അവനെ ടീമിൽ ഉൾക്കൊളളിക്കാനാണ് ഇന്ത്യ ആ മാറ്റങ്ങൾ വരുത്തിയത്, സൂര്യകുമാർ യാദവ് ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. വിരാട് കോഹ്ലിയെ ടീമിൽ ഉൾക്കൊള്ളിക്കാൻ വേണ്ടിയാണ് ഏവരെയും അത്ഭുതപെടുത്തിയ ഈ മാറ്റങ്ങൾ ഇന്ത്യ വരുത്തിയതെന്ന് പാർഥിവ് പട്ടേൽ പറഞ്ഞു.

സൂര്യകുമാർ യാദവായിരുന്നു മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ശ്രേയസ് അയ്യർ മൂന്നാമനായി ഇറങ്ങിയപ്പോൾ റിഷഭ് പന്താണ് നാലാമനായി ക്രീസിൽ എത്തിയത്.

” വിരാട് കോഹ്ലിയെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തുവാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്, നമ്മൾ കാണുന്ന ഈ മാറ്റങ്ങൾക്ക് പിന്നിലെ കാരണം അതാണ്. ”

” വിരാട് കോഹ്ലി ഏകദിന പരമ്പരയിൽ കളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഫോമിൽ തിരിച്ചെത്താൻ ഏറ്റവും എളുപ്പമുള്ള മാർഗം അതായിരുന്നു. 50 ഓവറുകളിൽ ധാരാളം സമയം ലഭിക്കുന്നു. അവിടെ ധവാനോ ഗില്ലോ ചെയ്തത് പോലെ 70-80 റൺസ് നേടുവാൻ സാധിക്കും. ” പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” നികത്താൻ ഇനിയുമേറെ പഴുതുകൾ ഉണ്ടെന്ന് രോഹിത് ശർമ്മ പറഞ്ഞിരുന്നു. അതുകൊണ്ടാണ് വ്യത്യസ്ത കാര്യങ്ങൾ അവർ പരീക്ഷിക്കുന്നത്. റിഷഭ് പന്തിന് ഓപ്പണറായി ഇംഗ്ലണ്ടിൽ മുഴുവൻ പരമ്പരയും നൽകി. ഇപ്പോൾ സൂര്യകുമാർ യാദവിനും ഈ പരമ്പരയിൽ മുഴുവൻ അവൻ ഓപ്പൺ ചെയ്തേക്കും. രവീന്ദ്ര ജഡേജ ചിലപ്പോൾ പവർപ്ലേയിൽ ബൗൾ ചെയ്തേക്കും. ” പാർത്ഥിവ് പട്ടേൽ കൂട്ടിച്ചേർത്തു.