സിക്സ് ആണെന്ന് ഉറപ്പിച്ച ഷോട്ട് അവസാന നിമിഷം തടുത്തിട്ട് അയ്യറിന്റെ അമ്പരപ്പിക്കുന്ന സേവ് – വീഡിയോ

വെസ്റ്റ് ഇൻഡീസിന് എതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 68 റൺസിന്റെ ഉജ്ജ്വല വിജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഉയർത്തിയ 191 വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് 20 ഓവർ പൂർത്തിയായപ്പോൾ 8 വിക്കറ്റ് നഷ്ട്ടത്തിൽ 122 റൺസിൽ അവസാനിക്കേണ്ടി വന്നു.

ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് നിലയുറപ്പിക്കാനായില്ല. 15 പന്തിൽ 20 റൺസ് നേടിയ ബ്രൂക്ക്സാണ് ടോപ്പ് സ്‌കോറർ. ഇന്ത്യയ്ക് വേണ്ടി രവി ബിഷ്നോയി, അശ്വിൻ, അർഷ്ദീപ് സിങ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറും ജഡേജയും ഓരോ വിക്കറ്റ് വീതവും നേടിയിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസ് നിരയിൽ  താരങ്ങളുടെ സ്‌കോർ നില ഇങ്ങനെ – മയേഴ്‌സ് (6 പന്തിൽ 15), ഹോൾഡർ (0), പൂരൻ (15 പന്തിൽ 18), പവൽ (17 പന്തിൽ 14), ഹേറ്റ്മേയർ (15 പന്തിൽ 14), ഹൊസെയ്ൻ (15 പന്തിൽ 11). കീമോ പോൾ (22 പന്തിൽ 19).

അതേസമയം വെസ്റ്റ് ഇൻഡീസ് ബാറ്റിങ്ങിനിടെ തകർപ്പൻ ഫീൽഡിങ്ങുമായി ശ്രേയസ് അയ്യർ ആശ്ചര്യപ്പെടുത്തിയിരുന്നു. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ അശ്വിനെതിരെ മിഡ് വിക്കറ്റിലൂടെ പൂരൻ അടിച്ചു കയറ്റിയ പന്താണ് സിക്സ് പോകാതെ അയ്യർ സേവ് ചെയ്തത്. ക്യാച്ച് കൈപിടിയിൽ ഒതുക്കിയിരുന്നുവെങ്കിലും ബൗണ്ടറി ലൈൻ ചവിട്ടുമെന്ന് കരുതിയ അയ്യർ ഉടനെ പന്ത് എറിയുകയായിരുന്നു. വെറും 2 റൺസ് മാത്രമാണ് വഴങ്ങേണ്ടി വന്നത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ  രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടേയും അവസാന ഓവറുകളില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തിക്കിന്‍റെ തകര്‍പ്പന്‍ ഇന്നിങ്സിന്‍റേയും മികവിലാണ് മികച്ച സ്‌കോർ ഇന്ത്യൻ സ്വന്തമാക്കിയത്. 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 190 റണ്‍സെടുത്തു. രോഹിത് ശര്‍മ 44 പന്തില്‍ നിന്ന് 64 റണ്‍സടുത്തു. കാര്‍ത്തിക് വെറും 19 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.