മികവ് പുലർത്തി ബൗളർമാർ, ആദ്യ ടി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 68 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 191 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടാനെ സാധിച്ചുള്ളൂ.

( Picture Source : Twitter )

വെസ്റ്റിൻഡീസ് നിരയിൽ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. 20 റൺസ് നേടിയ ബ്രൂക്സായിരുന്നു വിൻഡീസ് ബാറ്റിങ് നിരയിലെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ നിക്കോളാസ് പൂരൻ 18 റൺസ് നേടി പുറത്തായപ്പോൾ ടീമിൽ തിരിച്ചെത്തിയ ഷിംറോൺ ഹെറ്റ്മയർ 14 റൺസ് നേടി പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ, രവി ബിഷ്നോയ്, അർഷ്ദീപ് സിങ് എന്നിവർ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ദിനേശ് കാർത്തിക്കിൻ്റെയും ബാറ്റിങ് മികവിലാണ് മികച്ച സ്കോർ നേടിയത്. രോഹിത് ശർമ്മ 44 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 64 റൺസും ദിനേശ് കാർത്തിക് 19 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 41 റൺസും നേടി.

( Picture Source : Twitter )

ശ്രേയസ് അയ്യർ പൂജ്യത്തിന് പുറത്തായപ്പോൾ പന്ത് 14 റൺസും ഹാർദിക് പാണ്ഡ്യ ഒരു റൺസും നേടി നേടി പുറത്തായി.

വിജയത്തോടെ ഇന്ത്യ 5 മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുൻപിലെത്തി. ഓഗസ്റ്റ് ഒന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.

( Picture Source : Twitter )