വിൻഡീസിനെതിരായ ഫിഫ്റ്റി, കോഹ്ലിയെയും ഗപ്റ്റിലിനെയും പിന്നിലാക്കി തകർപ്പൻ റെക്കോർഡുകൾ കുറിച്ച് രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഈ വർഷം ടി20 ക്രിക്കറ്റിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയ ഹിറ്റ്മാൻ്റെ മികവിലാണ് മികച്ച സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡുകൾ കൂടെ സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ഹിറ്റ്മാൻ. വിരാട് കോഹ്ലി, മാർട്ടിൻ ഗപ്റ്റിൽ എന്നിവരെ പിന്നിലാക്കിയാണ് ഈ തകർപ്പൻ റെക്കോർഡുകൾ രോഹിത് ശർമ്മ സ്വന്തമാക്കിയത്.

( Picture Source : Twitter )

മത്സരത്തിൽ 35 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ 44 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 64 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാരെ പട്ടികയിൽ മാർട്ടിൻ ഗപ്റ്റിലെ പിന്നിലാക്കികൊണ്ട് ഹിറ്റ്മാൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മത്സരത്തിലെ പ്രകടനമടക്കം 121 ഇന്നിങ്സിൽ നിന്നും 3443 റൺസ് ഹിറ്റ്മാൻ നേടിയിട്ടുണ്ട്.

112 ഇന്നിങ്സിൽ നിന്നും 3399 റൺസാണ് മാർട്ടിൻ ഗപ്റ്റിൽ നേടിയിട്ടുള്ളത്. 91 ഇന്നിങ്സിൽ നിന്നും 3308 റൺസ് നേടിയ വിരാട് കോഹ്ലിയാണ് മൂന്നാം സ്ഥാനത്തുള്ളത്.

മത്സരത്തിലെ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും രോഹിത് ശർമ്മ സ്വന്തമാക്കി. 27 തവണ ഫിഫ്റ്റി നേടിയിട്ടുള്ള ഹിറ്റ്മാൻ നാല് തവണ സെഞ്ചുറിയും നേടിയിട്ടുണ്ട്. 30 ഫിഫ്റ്റി നേടിയിട്ടുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്നിലാക്കിയാണ് ഈ തകർപ്പൻ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത്.

( Picture Source : Twitter )

ഫിഫ്റ്റി നേടിയ രോഹിത് ശർമ്മയ്ക്കൊപ്പം 19 പന്തിൽ 41 റൺസ് നേടിയ ദിനേശ് കാർത്തിക്കാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് ഇന്ത്യ നേടി.

( Picture Source : Twitter )