തകർപ്പൻ തിരിച്ചുവരവ് നടത്തി ഓസ്ട്രേലിയ, കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം

കോമൺവെൽത്ത് ഗെയിംസിലെ ആദ്യ മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റിൻ്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 155 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. ഒരു ഘട്ടത്തിൽ 49 റൺസിന് 5 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചെത്തിയത്.

( Picture Source: Twitter )

നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ രേണുക സിങ് താക്കൂറാണ് ശക്തമായ ഓസ്ട്രേലിയൻ മുൻനിരയെ തകർത്തുവെങ്കിലും പിന്തുണ നൽകുവാൻ മറ്റു ബൗളർമാർക്ക് സാധിച്ചില്ല. അലിസ ഹീലി, ബെത് മൂണി, മെഗ് ലാന്നിങ്, ടാഹില മഗ്രാത്ത് എന്നിവരെയാണ് തൻ്റെ നാലോവറിൽ താരം പുറത്താക്കിയത്.

( Picture Source: Twitter )

35 പന്തിൽ പുറത്താകാതെ 52 റൺസ് നേടിയ ആഷ് ഗാർഡ്നറാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. ഗ്രേസ് ഹാരിസ് 20 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 37 റൺസും അലാന കിങ് 18 റൺസും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 34 പന്തിൽ 8 ഫോറും ഒരു സിക്സുമടക്കം 52 റൺസ് നേടിയാണ് ഹർമൻപ്രീത് കൗർ പുറത്തായത്. ഷഫാലി വർമ്മ 33 പന്തിൽ 9 ഫോറടക്കം 48 റൺസ് നേടി മികവ് പുലർത്തിയപ്പോൾ സ്മൃതി മന്ദാന 17 പന്തിൽ 24 റൺസ് നേടി.

ഓസ്ട്രേലിയക്ക് വേണ്ടി ജെസ് ജോനാസൻ നാലോവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. ജൂലൈ 31 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അതേ ദിവസം ബാർബഡോസിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.

( Picture Source: Twitter )