മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയം, ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാം മത്സരത്തിൽ 119 റൺസിന് വിജയിച്ച ഇന്ത്യ ഏകദിന പരമ്പര 3-0 ന് സ്വന്തമാക്കി. മഴമൂലം 36 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 257 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് 26 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

( Picture Source: Twitter )

തൻ്റെ ആദ്യ ഓവറിൽ തന്നെ മേയേഴ്സിനെയും ഷാമാർ ബ്രൂക്സിനെയും പുറത്താക്കികൊണ്ട് മൊഹമ്മദ് സിറാജാണ് വെസ്റ്റിൻഡീസിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. സിറാജിനൊപ്പം ഷാർദുൽ താക്കൂർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ യുസ്വെന്ദ്ര ചഹാൽ നാല് വിക്കറ്റും അക്ഷർ പട്ടേൽ, പ്രസീദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

37 പന്തിൽ 42 റൺസ് നേടിയ ബ്രാൻഡൻ കിങും 42 പന്തിൽ 42 റൺസ് നേടിയ ക്യാപ്റ്റൻ നിക്കോളാസ് പൂരനും മാത്രമേ വിൻഡീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടി നിൽക്കവെയാണ് വീണ്ടും മഴയെത്തുകയും ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുകയും ചെയ്തത്. ഇന്ത്യയ്ക്ക് ശുഭ്മാൻ ഗിൽ 98 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 98 റൺസ് നേടി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ 34 പന്തിൽ 44 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ശിഖാർ ധവാൻ 74 പന്തിൽ 58 റൺസ് നേടി പുറത്തായി. സൂര്യകുമാർ യാദവ് 8 റൺസ് നേടി പുറത്തായപ്പോൾ സഞ്ജു സാംസൺ 6 റൺ നേടി പുറത്താകാതെ നിന്നു.

( Picture Source: Twitter )

വിൻഡീസിന് ജേസൺ ഹോൾഡർ, ഹെയ്ഡൻ വാൽഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 3 റൺസിനും രണ്ടാം മത്സരത്തിൽ 2 വിക്കറ്റിനും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിരുന്നു.

( Picture Source: Twitter )