Skip to content

മൂന്നാം ഏകദിനത്തിൽ ശിഖാർ ധവാനെ കാത്തിരിക്കുന്നത് വമ്പൻ ക്യാപ്റ്റൻസി റെക്കോർഡ്

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശിഖാർ ധവാനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്. മത്സരത്തിൽ വിജയിച്ചാൽ ഏകദിന പരമ്പരയിൽ സമ്പൂർണ വിജയം നേടുന്നതിനൊപ്പം മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കുവാൻ ധവാന് സാധിക്കും.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മൂന്ന് റൺസിനും രണ്ടാം മത്സരത്തിൽ 2 വിക്കറ്റിനും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. നാളെ നടക്കുന്ന മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഏകദിന പരമ്പരയിൽ വെസ്റ്റിൻഡീസിൽ വെച്ച് വിൻഡീസിനെ വൈറ്റ്വാഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കുവാൻ ധവാന് സാധിക്കും.

1983 മുതൽ ഇരുടീമുകളും തമ്മിൽ ഏകദിന പരമ്പരകൾ ആരംഭിച്ചുവെങ്കിലും ഒരിക്കൽ പോലും കരീബിയൻ മണ്ണിൽ വിൻഡീസിനെ വൈറ്റ്വാഷ് ചെയ്യുവാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഇപ്പോൾ ധവാന് കീഴിൽ ആ റെക്കോർഡ് തിരുത്തികുറിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഇതിന് മുൻപ് എതിരാളികളുടെ സ്വന്തം നാട്ടിൽ നടന്ന ഏകദിന പരമ്പരകളിൽ സിംബാബ്വെയും ശ്രീലങ്കയെയുമാണ് ഇന്ത്യ വൈറ്റ് വാഷ് ചെയ്തിട്ടുള്ളത്. കോഹ്ലി, രഹാനെ, എം എസ് ധോണി എന്നിവർ ക്യാപ്റ്റനായിരിക്കെയാണ് സിംബാബ്വെയ്ക്കെതിരെ ഇന്ത്യ വൈറ്റ് വാഷ് വിജയം നേടിയത്. 2017 ൽ കോഹ്ലിയുടെ കീഴിലാണ് ശ്രീലങ്കയെ 5-0 ന് അവരുടെ നാട്ടിൽ വെച്ച് ഇന്ത്യ പരാജയപെടുത്തിയത്.

കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ വിൻഡീസിനെതിരായ തങ്ങളുടെ തുടർച്ചയായ പന്ത്രണ്ടാം ഏകദിന പരമ്പര വിജയം നേടിയിരുന്നു. ഏകദിനത്തിൽ ഒരു ടീമിനെതിരെ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയം നേടുന്ന ടീമെന്ന നേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.