Skip to content

മാറ്റങ്ങൾ അനിവാര്യമാണ്, ഏകദിനത്തിൽ ഓവറുകളുടെ എണ്ണം ചുരുക്കണമെന്ന ഷാഹിദ് അഫ്രീദിയുടെ അഭിപ്രായത്തെ പിന്തുണച്ച് രവി ശാസ്ത്രി

ഏകദിന ക്രിക്കറ്റിൽ ഓവറുകളുടെ എണ്ണം അമ്പതിൽ നിന്നും 40 ആക്കി വെട്ടിച്ചുരുക്കണമെന്ന മുൻ പാക് താരം ഷാഹിദ് അഫ്രീദിയുടെ അഭിപ്രായത്തോട് യോജിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ടി20 ക്രിക്കറ്റിനും ടെസ്റ്റ് ക്രിക്കറ്റിനുമൊപ്പം പിടിച്ചുനിൽക്കുവാൻ ഏകദിന ക്രിക്കറ്റിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും രവി ശാസ്ത്രി പറഞ്ഞു.

” 1983 ൽ ഞങ്ങൾ ലോകകപ്പ് നേടിയപ്പോൾ അത് 60 ഓവറായിരുന്നു. അതിന് ശേഷം 60 ഓവറെന്നത് അൽപ്പം ദൈർഘ്യമേറിയതാണെന്ന് ആളുകൾ കരുതി. 20 മുതൽ 40 ഓവർ വരെയുള്ള ദൈർഘ്യം ആളുകൾക്ക് ദഹിക്കാൻ പ്രയാസമാണെന്ന് പലർക്കും തോന്നിതുടങ്ങി. അതിനാൽ ഏകദിന ക്രിക്കറ്റ് 60 ൽ നിന്നു അമ്പതാക്കി ചുരുക്കി. ആ തീരുമാനത്തിന് ശേഷം ഇപ്പോൾ കുറെയേറെ വർഷങ്ങൾ കടന്നുപോയി. അതുകൊണ്ട് തന്നെ ഇപ്പോൾ എന്തുകൊണ്ട് ഓവറുകളുടെ എണ്ണം 50 ൽ നിന്നും 40 ആക്കികൂടാ ? നിങ്ങൾ മുൻപോട്ട് ചിന്തിക്കുകയും പരിണമിക്കുകയും ചെയ്യേണ്ടതുണ്ട്. 50 ഓവർ ഫോർമാറ്റായി വളരെ കാലമായി ഏകദിനം തുടരുകയാണ്. ” രവി ശാസ്ത്രി പറഞ്ഞു.

ഏകദിന ഇപ്പോൾ തീർത്തും വിരസമായിരിക്കുന്നുവെന്നും കൂടുതൽ ആസ്വാദ്യകരമാക്കുവാൻ ഓവറുകളുടെ എണ്ണം അമ്പതിൽ നിന്നും 40 ആക്കി ചുരുക്കണമെന്നുമാണ് മുൻ പാക് താരം ഷാഹിദ് അഫ്രീദി അഭിപ്രായപെട്ടത്.

ഇരുവരുടെയും അഭിപ്രായങ്ങൾക്കുള്ള മറുപടിയായിരുന്നു ഇന്ത്യയും വിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ. അത്യന്തം ആവേശം നിറഞ്ഞ രണ്ട് മത്സരങ്ങളും അമ്പതാം ഓവറുകളിലാണ് അവസാനിച്ചത്.