ഐസിസി ടി20 ലോകകപ്പ്, ഫൈനലിസ്റ്റുകളെയും വിജയികളെയും പ്രവചിച്ച് റിക്കി പോണ്ടിങ്

ഓസ്ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഫൈനലിൽ പ്രവേശിക്കാൻ താൻ സാധ്യത കൽപ്പിക്കുന്ന ടീമുകളെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിൽ സംസാരിക്കവെ ലോകകപ്പിലെ ടീമുകളുടെ സാധ്യതകളെ കുറിച്ച് മുൻ ഓസ്ട്രേലിയൻ നായകൻ മനസ്സുതുറന്നത്.

നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയക്കൊപ്പം ഇന്ത്യയായിരിക്കും ഫൈനലിൽ പ്രവേശിക്കുകയെന്നും ഇരു ടീമുകൾക്കും വെല്ലുവിളിയാവുക ജോസ് ബട്ട്ലർ നയിക്കുന്ന ഇംഗ്ലണ്ട് ആയിരിക്കുമെന്നും പോണ്ടിങ് പറഞ്ഞു. യു എ ഇയിൽ കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്താക്കപെട്ടിരുന്നു. പക്ഷേ ഇക്കുറി ഓസ്ട്രേലിയക്കൊപ്പം ഫൈനൽ കളിക്കാൻ ഇന്ത്യയ്ക്കാകുമെന്ന് പ്രവചിച്ച പോണ്ടിങ് ഫൈനലിൽ വിജയസാധ്യത ആർക്കാണെന്നും വെളിപ്പെടുത്തി.

” ഇന്ത്യയും ഓസ്ട്രേലിയയും ഫൈനൽ കളിക്കുമെന്ന് ഞാൻ കരുതുന്നു. ഫൈനലിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപെടുത്തുമെന്ന് എനിക്ക് പറയേണ്ടിവരും. ”

” നിലവിലെ ചാമ്പ്യന്മാരായ അവർക്ക് സ്വന്തം നാട്ടിലെ സാഹചര്യങ്ങളുടെ ആനുകൂല്യമുണ്ടാകും. കഴിഞ്ഞ ലോകകപ്പ് വിജയം ശ്രദ്ധേയമാക്കിയതും അതുതന്നെയായിരുന്നു. ഞാനടക്കം ഒരുപാട് ആളുകൾ അവർ യു എ ഇയിലേക്ക് പോയപ്പോൾ ഐ പി എല്ലിന് ശേഷമുള്ള അവിടുത്തെ സാഹചര്യങ്ങളും അവർക്ക് അനുകൂലമാകില്ലെന്ന് ചിന്തിച്ചിരുന്നു. പക്ഷേ അവർ വിജയിക്കുവാൻ വഴികൾ കണ്ടെത്തി. ” പോണ്ടിങ് പറഞ്ഞു.

ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കും എറ്റവുമധികം വെല്ലുവിളിയുയർത്തുക ജോസ് ബട്ട്ലർ നയിക്കുന്ന ഇംഗ്ലണ്ട് ആയിരിക്കുമെന്നും ശക്തമായ വൈറ്റ് ബോൾ ടീമാണ് ഇംഗ്ലണ്ടിന് ഉള്ളതെന്നും ഏറ്റവും കൂടുതൽ ക്ലാസും മാച്ച് വിന്നർമാരും ഉള്ളത് ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമാണെന്ന് പോണ്ടിങ് പറഞ്ഞു.