തുടർച്ചയായി അവസരങ്ങൾ ലഭിച്ചാൽ അവൻ മികവ് പുറത്തെടുക്കും, സഞ്ജുവിനെ പ്രശംസിച്ച് മുൻ പാക് താരം

ഇന്ത്യൻ ടീമിൽ സ്ഥിരതയോടെ അവസരങ്ങൾ ലഭിച്ചാൽ സഞ്ജുവിന് ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് മുൻ പാക് താരം ഡാനിഷ് കനേരിയ. വിൻഡീസിനെതിരായ സഞ്ജുവിൻ്റെ പ്രകടനത്തെ വിലയിരുത്തവെയാണ് സഞ്ജുവിന് തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് താരം ചൂണ്ടികാട്ടിയത്.

മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയ സഞ്ജു മത്സരത്തിൽ 51 പന്തിൽ 54 റൺസ് നേടിയാണ് പുറത്തായത്. ശ്രേയസ് അയ്യരിനൊപ്പം നാലാം വിക്കറ്റിൽ സഞ്ജു പടുത്തുയർത്തിയ കൂട്ടുകെട്ടാണ് മത്സരത്തിൽ ഇന്ത്യയെ തിരിച്ചെത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽ 12 റൺസ് നേടിയാണ് സഞ്ജു പുറത്തായത്.

” സഞ്ജു മികച്ച കളിക്കാരനാണ്. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ അവൻ നിരന്തരം ടീമിൽ നിന്നും ഒഴിവാക്കപെട്ടിരുന്നു. സ്ഥിരതയാർന്ന അവസരങ്ങൾ ലഭിച്ചാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് സാധിക്കും. അതിലെനിക്ക് ഉറപ്പുണ്ട്. ” കനേരിയ പറഞ്ഞു.

” ബാറ്റ് ചെയ്യുമ്പോഴെല്ലാം അവൻ വളരെ ഗംഭീരമായി തോന്നുന്നു. നീണ്ട ഇന്നിങ്സ് കളിക്കാനുള്ള കഴിവ് അവനുണ്ട്. തൻ്റെ ബാറ്റിങിലും ഇന്നിങ്സിലും അവൻ എത്രത്തോളം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അവൻ്റെ കണ്ണുകളിൽ നിന്നും വ്യക്തമാണ്. ”

” തൻ്റെ കന്നി ഫിഫ്റ്റി നേടിയാണ് അവൻ പുറത്തായത്. മികച്ച രീതിയിൽ കളിക്കുമ്പോൾ റണ്ണൗട്ടാവുന്നത് ദൗർഭാഗ്യകരമാണ്. അത് ദീപക് ഹൂഡയുടെ കോളായിരുന്നു, അതിന് സഞ്ജു പ്രതികരിക്കുക മാത്രമാണ് ചെയ്തത്. അതുവരെ വളരെ വീവേകത്തോടെയും പക്വതയോടെയുമാണ് അവൻ ബാറ്റ് ചെയ്തിരുന്നത്. ” കനേരിയ പറഞ്ഞു.