Skip to content

ബ്രയാൻ ലാറയ്ക്ക് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്

കൗണ്ടി ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടം കുറിച്ച് ഗ്ലാമോർഗൻ ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്. ലെസ്റ്റർഷയറിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 400 റൺസ് നേടിയിരിക്കുകയാണ് 31 ക്കാരനായ ഈ ഇംഗ്ലീഷ് താരം. സിക്സ് പറത്തിയാണ് മത്സരത്തിലെ നാലാം ദിനത്തിൽ താരം 400 റൺസ് പൂർത്തിയാക്കിയത്.

( Picture Source : Twitter )

2004 ൽ ഇംഗ്ലണ്ടിനെതിരെ 400 റൺസ് നേടിയ ബ്രയാൻ ലാറയ്ക്ക് ശേഷം ഇതാദ്യമായാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാൻ ഒരു ഇന്നിങ്സിൽ 400 റൺസ് നേടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 400 റൺസ് നേടുന്ന ഒമ്പതാമത്തെ ബാറ്റ്സ്മാനാണ് നോർത്തീസ്റ്റ്.

ഇതിന് മുൻപ് 10 തവണ ഒരു ഇന്നിങ്സിൽ ബാറ്റ്സ്മാന്മാർ 400 റൺസ് നേടിയിട്ടുണ്ട്. വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയും മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ വില്യം പോൻസ്ഫോർഡും രണ്ട് തവണ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400 റൺസ് നേടിയിട്ടുണ്ട്. ഹാനിഫ് മൊഹമ്മദ്, ബ്രാഡ്മാൻ, ബാബസാഹിബ് നിംഭൽക്കർ, അഫ്താബ് ബലോച്ച്, കാംബെൽ മക്ലാരൻ, ഗ്രെയിം ഹിക് എന്നിവരാണ് ഇതിനുമുൻപ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 400 റൺസ് നേടിയിട്ടുള്ള മറ്റു ബാറ്റ്സ്മാന്മാർ.

( Picture Source : Twitter )

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബ്രായാൻ ലാറ മാത്രമാണ് 500 റൺസ് നേടിയിട്ടുള്ളത്. സാം നോർത്തീസ്റ്റിന് ഈ റെക്കോർഡ് തകർക്കുവാൻ അവസരം ഉണ്ടായിരുന്നുവെങ്കിലും ആദ്യ ഇന്നിങ്സിൽ 795 റൺസ് നേടിയാണ് ഗ്ലാമോർഗൻ ഡിക്ലയർ ചെയ്യുകയായിരുന്നു. 450 പന്തിൽ 45 ഫോറും 3 സിക്സും ഉൾപ്പടെ പുറത്താകാതെ 410 റൺസ് സാം നോർത്തീസ്റ്റ് നേടിയിരുന്നു.

( Picture Source : Twitter )