തകർപ്പൻ ഫീൽഡിങ്ങിന് പിന്നാലെ ഗ്രൗണ്ടിൽ പുഷ്അപ്പ്‌ എടുത്ത് ധവാൻ – വീഡിയോ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ 3 റൺസിന്റെ ആവേശകരമായ ജയമാണ് നേടിയത്. ഇന്ത്യ മുന്നോട്ട് വെച്ച 309 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അതിഥേയർക്ക് 305 റൺസിൽ അവസാനിക്കേണ്ടി വന്നു. അവസാന ഓവറിൽ 14 റൺസ് ജയിക്കാൻ വേണമെന്ന സാഹചര്യത്തിൽ 11 റൺസ് മാത്രമാണ് ക്രീസിൽ ഉണ്ടായിരുന്ന ഹൊസെയ്നും (32*) ഷെപാർഡിനും (39*) നേടാനായത്.

വെസ്റ്റ് ഇൻഡീസിന് വേണ്ടി മയേഴ്‌സ് (68 പന്തിൽ 75), ബ്രൂക്ക്സ് (61 പന്തിൽ 46), കിംഗ്‌ (66 പന്തിൽ 54) എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. സിറാജ്, താക്കൂർ, ചാഹൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 35 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 189 റൺസ് എന്ന നിലയിൽ ഉണ്ടായിരുന്ന വെസ്റ്റ് ഇൻഡീസ് അനായാസം ലക്ഷ്യം മറികടക്കുമെന്നാണ് കരുതിയത്. ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ 3 റൺസിന്റെ ത്രില്ലിംഗ് ജയം നേടുകയായിരുന്നു.

അതേസമയം മത്സരത്തിനിടെ ആരാധകർകിടയിലും കമന്ററിമാരിലും ചിരിപ്പടർത്തി ധവാൻ ഗ്രൗണ്ടിൽ ഫീൽഡിങ്ങിനിടെ പുഷ്അപ്പുമായി എത്തിയിരുന്നു. വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിന്റെ 36.3 ഓവറിലായിരുന്നു സംഭവം. സ്‌ട്രൈകിൽ ഉണ്ടായിരുന്ന കിംഗ്‌ അടിച്ച പന്ത് കവർ ഏരിയയിലൂണ്ടായിരുന്ന ധവാന്റെ അരികിലൂടെയാണ് പോയത്. നല്ല വേഗതയിൽ വരുന്ന പന്ത്  ഡൈവിലൂടെ ധവാൻ തടഞ്ഞു നിർത്തി. പിന്നാലെ പുഷ് അപ്പിലൂടെ ഫീൽഡിങ് ആഘോഷിക്കുകയും ചെയ്തു.

നേരെത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 99 പന്തിൽ 10 ഫോറും 3 സിക്സുമടക്കം 97 റൺസ് നേടിയ ക്യാപ്റ്റൻ ശിഖാർ ധവാൻ, 53 പന്തിൽ 64 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 57 പന്തിൽ 54 റൺസ് നേടിയ ശ്രേയസ് അയ്യർ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് നേടിയത്. ദീപക് ഹൂഡ 27 റൺസും അക്ഷർ പട്ടേൽ 21 റൺസും നേടി പുറത്തായി. സഞ്ജു സാംസണ് 12 റൺസ് നേടാനെ സാധിച്ചുള്ളൂ.