Skip to content

ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ച് അവസാന ഓവറിലെ സഞ്ജുവിൻ്റെ സൂപ്പർമാൻ സേവ്, വീഡിയോ കാണാം

ആവേശവിജയമാണ് വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നേടിയത്. അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ മൂന്ന് റൺസിനാണ് ഇന്ത്യ വിജയത്തിച്ചത്. ബാറ്റ്സ്മാന്മാരും ബൗളർമാരും മികവ് പുലർത്തിയെങ്കിലും അവസാന ഓവറിൽ ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ചത് വിക്കറ്റ് കീപ്പർ സഞ്ജു സാംസൻ്റെ തകർപ്പൻ സേവായിരുന്നു.

( Picture Source : Twitter )

അവസാന ഓവറിൽ വിജയിക്കാൻ 15 റൺസായിരുന്നു വെസ്റ്റിൻഡീസിന് വേണ്ടിയിരുന്നത്. മൊഹമ്മദ് സിറാജ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ റൺസൊന്നും നേടാൻ സാധിക്കാതിരുന്ന അകീൽ ഹൊസൈൻ രണ്ടാം പന്തിൽ സിംഗിൾ നേടി സ്ട്രൈക്ക് മികച്ച ഫോമിലുള്ള ഷെപ്പാർഡിന് കൈമാറി. മൂന്നാം പന്തിൽ ബൗണ്ടറി നേടികൊണ്ട് താരം ഇന്ത്യയെ സമ്മർദ്ദത്തിലാക്കി.

നാലാം പന്തിൽ ബാറ്റ്സ്മാനെ ഫോളോ ചെയ്ത് സിറാജ് പന്തെറിയുകയും ലെഗ് ബൈയിലൂടെ രണ്ട് റൺസ് വിൻഡീസ് നേടുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത പന്തിൽ ബാറ്റ്സ്മാനെ ഫോളോ ചെയ്യാനുള്ള സിറാജിൻ്റെ ശ്രമം പരാജയപെടുകയും ലെഗ് സ്റ്റപിന് വെളിയിൽ പോവുകയും ചെയ്തു. ബൗണ്ടറിയാകുമെന്ന് കരുതിയെങ്കിലും തക്ക സമയത്ത് സൂപ്പർമാൻ ഡൈവിലൂടെ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ പന്ത് തടുത്തിടുകയായിരുന്നു. ആ പന്ത് ബൗണ്ടറിയായെങ്കിൽ അനായാസം വിജയം നേടുവാൻ വിൻഡീസിന് സാധിക്കുമായിരുന്നു.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 97 റൺസ് നേടിയ ക്യാപ്റ്റൻ ശിഖാർ ധവാൻ, 64 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 54 റൺസ് നേടിയ ശ്രേയസ് അയ്യർ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. മറുപടി ബാറ്റിങിൽ 309 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് നേടാനെ സാധിച്ചുള്ളൂ. 75 റൺസ് നേടിയ കെയ്ൽ മെയേഴ്സ്, 54 റൺസ് നേടിയ ബ്രാൻഡൻ കിങ്, 46 റൺസ് നേടിയ ബ്രൂക്സ്, 25 പന്തിൽ 39 റൺസ് നേടിയ റൊമാരിയോ ഷെപ്പാർഡ് എന്നിവരാണ് വിൻഡീസിന് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter )

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, യുസ്വെന്ദ്ര ചഹാൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

( Picture Source : Twitter )