വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശവിജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ മൂന്ന് റൺസിനാണ് ആതിഥേയരായ വിൻഡീസിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 309 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് നേടാനെ സാധിച്ചുള്ളൂ.

വെസ്റ്റിൻഡീസിന് വേണ്ടി കെയ്ൽ മയേഴ്സ് 68 പന്തിൽ 75 റൺസും ബ്രൂക്ക്സ് 61 പന്തിൽ 46 റൺസും ബ്രണ്ടൻ കിങ്ങ് 66 പന്തിൽ 54 റൺസും നേടി മികവ് പുലർത്തി. ഫിഫ്റ്റി നേടിയ ബ്രണ്ടൻ കിങ് പുറത്തായ ക്രീസിലെത്തിയ റോമാറിയോ ഷെപ്പാർഡ് 25 പന്തിൽ നിന്നും 3 ഫോറും 2 സിക്സും ഉൾപ്പടെ 39 റൺസ് നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. അകീൽ ഹോസൈൻ 32 പന്തിൽ പുറത്താകാതെ 33 റൺസ് നേടി.

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, യുസ്വെന്ദ്ര ചഹാൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. അവസാന ഓവറിലെ വൈഡ് ബൗണ്ടറിയാവേണ്ട പന്തിൽ സഞ്ജു സാംസൺ തകർപ്പൻ ഡൈവിലൂടെ തടഞ്ഞതും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 99 പന്തിൽ 10 ഫോറും 3 സിക്സുമടക്കം 97 റൺസ് നേടിയ ക്യാപ്റ്റൻ ശിഖാർ ധവാൻ, 53 പന്തിൽ 64 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 57 പന്തിൽ 54 റൺസ് നേടിയ ശ്രേയസ് അയ്യർ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് നേടിയത്. ദീപക് ഹൂഡ 27 റൺസും അക്ഷർ പട്ടേൽ 21 റൺസും നേടി പുറത്തായി. സഞ്ജു സാംസണ് 12 റൺസ് നേടാനെ സാധിച്ചുള്ളൂ.
വെസ്റ്റിൻഡീസിന് വേണ്ടി അൽസാരി ജോസഫ്, ഗുഡകേഷ് മോടി എന്നിവർ രണ്ട് വിക്കറ്റ് വീതവും അകിയൽ ഹോസൈൻ, റോമാരിയോ ഷെപ്പാർഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ജൂലൈ 24 നാണ് പരമ്പരയിലെ രണ്ടാം മത്സരം.
